Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാറിൽ 4.45 കോടി...

പൂഞ്ഞാറിൽ 4.45 കോടി ചെലവിട്ടെന്ന് ബി.ജെ.പി യോഗത്തിൽ; 40 ലക്ഷം പോലും ചെലവായില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ; പി.സി. ജോർജിന്റെ മലക്കംമറിച്ചിൽ ഇങ്ങനെ

text_fields
bookmark_border
PC George
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിയമം ലഘിച്ച് കോടികൾ ചെലവഴിച്ചെന്ന വെളിപ്പെടുത്തൽ വിവാദമാ​യതോടെ പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങി ബി.ജെ.പി നേതാവ് പി.സി. ​ജോർജ്. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പ​ങ്കെടുത്ത ‘ദീൻദയാൽ’ ക്യാമ്പിലെ പ്രസംഗത്തിലാണ് പൂഞ്ഞാറിൽ പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന് ജോർജ് വെളിപ്പെടുത്തിയത്. ഇതിൽനിന്ന് വൻ തുക ചിലർ അടിച്ചുമാറ്റിയതായും അതുപ​യോഗിച്ച് കാർ വാങ്ങിയതായും ജോർജ് ആരോപിച്ചിരുന്നു. എന്നാൽ, ഇത് വിവാദമായതോടെ തെരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും തനിക്കറിയില്ലെന്നും 40 ലക്ഷത്തിൽ താഴെയാണ് മണ്ഡലത്തിൽ ചെലവായതെന്നും ജോർജ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ ബൂത്ത് കമ്മിറ്റിക്കും 31000 രൂപ വീതം നൽകാൻ ഏർപ്പാടാക്കിയെന്നും എന്നാൽ, പലർക്കും നൽകിയി​ട്ടില്ലെന്നും പ്രസംഗത്തിൽ ​ജോർജ് പറയുന്നുണ്ട്. ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കൂര്യക്കാടാണ് ഫണ്ട് കൈകാര്യം ചെയ്തത്. പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന കണക്കാണ് തനിക്ക് തന്നത്. എന്നാൽ ലിസ്റ്റിൽ പേരുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ല എന്ന് വ്യക്തമായി. പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോഴാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തിൽ നാലര കോടി രൂപ ചിലവഴിച്ചുവെന്ന് പാർട്ടി ദേശീയ നേതാവിന്റെ വെളിപ്പെടുത്തൽ.

‘ഈ തെരഞ്ഞെടുപ്പിൽ നാലര കോടി രൂപ ചെലവഴിച്ചിട്ടുണ്ട് പാർട്ടി. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. നിങ്ങൾ സ്വയം ത​ന്നെ ചിന്തിച്ചു നോക്കുക. ഞാൻ ആ രൂപായിൽ തൊട്ടിട്ടില്ലെന്ന് മാത്രമല്ല അത് മുഴുവൻ നമ്മുടെ സജി കുര്യക്കാട്ടിനെ ഏപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക കാര്യത്തിൽ ഞാൻ ഇടപെടാറില്ല. ഇലക്ഷൻ കഴിഞ്ഞ് സജീ, ആ കണക്ക് ഒന്ന് തരാവോ എന്ന് ചോദിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കണക്ക് എനിക്ക് കൊണ്ടുതന്നു. 4.45 കോടി രൂപ ചെലവായെന്ന കണക്കാണ് തന്നത്. ഇത് ഞാൻ ആരെയും കാണിക്കാൻ പോയില്ല. അത് കാണിച്ചാൽ നമ്മുടെ പാർട്ടി പ്രവർത്തകർക്ക് കൂടി നാണക്കേടാണ്. അതിലുള്ള പലരെയും ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ അറിഞ്ഞിട്ടില്ല. പ​​ക്ഷേ, നിങ്ങളുടെ മനസ്സിൽ തോന്നണം, ആ പണത്തിൽ നിന്ന് നിങ്ങൾ ആരെങ്കിലും എടുത്തോ? പാർട്ടിക്ക് വേണ്ടി വല്ലതും ചെയ്തോ എന്ന്.

ഒരു ബൂത്തിൽ 31000 രൂപ വച്ച് കൊടുക്കാൻ ശക്തമായി നിർദ്ദേശം കൊടുത്തിരുന്നു. എത്ര ബൂത്തിൽ അത് കൊടുത്തു? നമ്മൾ ചിന്തിക്കാൻ വേണ്ടി പറയുകയാണ്. എല്ലാ ബൂത്തിലും 31,000 രൂപ കൊടുക്കണം എന്ന് സ്ട്രിക്ട് ആയി തീരുമാനം എടുത്ത് പണം കൊടുത്തതാണ്. ആ പണം എവിടെ പോയി? ഞാൻ തിടനാട് പഞ്ചായത്തിൽ ഒറ്റയ്ക്ക് നിന്നപ്പോൾ 3000 വോട്ടിന് ലീഡ് ചെയ്ത പഞ്ചായത്താണ്. ആ പഞ്ചായത്തിൽ ഞാൻ രണ്ടാം സ്ഥാനത്തായി. ഞാൻ അന്തിച്ചു പോയി. വോട്ടിങ് ലിസ്റ്റ് എടുത്തു നോക്കിയപ്പോൾ നാണക്കേടായി. ഒരു ബൂത്തിൽ 50ൽ തഴെയാ വോട്ട്. അവിടെ മുഴുവൻ​ വോട്ടും നമ്മൾക്ക് ​കിട്ടേണ്ടതാണ്. എന്ത് സംഭവിച്ചു?

അവിടുത്തെ ബൂത്ത് പ്രസിഡന്റിനെ വിളിച്ചുവരുത്തി ഞാൻ. 31000 രൂപ നീ എന്ത് ചെയ്തു എന്നു ചോദിച്ചു. ​എന്റെ കൈയിൽ തന്നിട്ടില്ല എന്ന് അവൻ പറഞ്ഞു. അത് കൊടുക്കാൻ ഏൽപിച്ചവനെ ഞാൻ വിളിച്ചു വരുത്തി ചോദിച്ചു. കൊടുക്കാൻ മറന്നുപോയി എന്നായിരുന്നു മറുപടി. എന്റെ വായിൽ വന്ന ചീത്തയെല്ലാം ഞാൻ വിളിച്ചു. അവനോട് മാത്രം ഞാൻ കാശ് തിരിച്ചു വാങ്ങി. അത് ഞാൻ വീട്ടിൽ ബൈബിളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇങ്ങനെയണോ പാർട്ടി വേണ്ടത്? അത്ര വൃത്തി കെട്ടവന്മാരാണ് നമ്മുടെ പാർട്ടിയിലുള്ളത്. ഇതൊക്കെ ശരിയാണോ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാവണം. എല്ലാവരും കാർ മേടിക്കുകയാണ്. ബിജെപിയുടെ കാശ് കൊണ്ട് കാർ മേടിച്ചാൽ കാർ ഇടിച്ചു പോകും. പ്രാക്കാണ്. ദൈവം തമ്പുരാൻ വിടുകേല. പ്രാകുന്നത് ഞാനാണ്’-പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ, ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും തനിക്കറിയില്ല എന്നാണ് ഇന്ന് നടത്തിയ വാർത്താസ​മ്മേളനത്തിൽ ജോർജ് പറഞ്ഞത്. നാലരക്കോടി നൽകി എന്നത് രണ്ട് ബി.ജെ.പി നേതാക്കൾ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജോർജ് പറഞ്ഞു. ‘ഞാൻ ഇലക്ഷന് തോറ്റു. സ്വാഭാവികമായും തോൽവി ഒരു ആഘാതമാണല്ലോ. തോറ്റു കഴിഞ്ഞ് എരുമേലിയിൽ ഒരു കമ്മിറ്റി ചേർന്നു. ‘നാലരക്കോടി രൂപ വിഹിതം കിട്ടിയതാ, ഇതെല്ലാം എവിടെ പോയി? എന്ത് ചെയ്തു?’ എന്ന് അവി​ടെവെച്ച് ബിജെപിയുടെ രണ്ട് സ്ട്രോങ്ങ് ആളുകൾ എന്നോട് പറഞ്ഞു എന്നെ ചൂടാക്കി. ഇത്രയും രൂപ കിട്ടുമെന്ന് എനിക്കറിയത്തില്ല. 4.45 കോടി രൂപ കിട്ടിയിട്ട് ഇത് ആരൊക്കെ കട്ടു, എവനൊക്കെ തിന്നു എന്ന് അറിയണമെന്ന് അപ്പോൾ ഞാൻ യോഗത്തിൽ പറഞ്ഞ് ചൂടായി. പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ പോരുകയും ചെയ്തു. തോറ്റു കഴിഞ്ഞിട്ട് വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ?

പക്ഷെ, രസം എന്താണെന്ന് ചോദിച്ചാൽ അത് കഴിഞ്ഞപ്പോൾ പാർട്ടി നേതൃത്വം എന്നെ ബന്ധപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പൂർണമായിട്ട് എന്നെ കാണിച്ചു. 100 രൂപയുടെ കണക്ക് പോലും എഴുതി എന്നെ കാണിച്ചു.

ഒരു പൈസ പോലും ആരും മോഷ്ടിച്ചിട്ടുമില്ല കൊടുത്തിട്ടുമില്ല എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഒരു അസംബ്ലി സീറ്റിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പണം 40 ലക്ഷം രൂപയാണ്. അതിൽ 40 എനിക്ക് ചിലവായിട്ടില്ല, അതാ രസം. അതിന്റെ കണക്കും അതാണ്. ഞാൻ അന്ന് എരുമേലിയിൽ പറഞ്ഞത് തെറ്റായിപ്പോയി.

ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കില്ല എന്ന് ശപഥം ചെയ്തു പറഞ്ഞ ആളാണ്. എന്നാൽ, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വളരെ നിർബന്ധിച്ചു. ബിജെപിയുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും പൂഞ്ഞാറ്റി​ൽ വേറെ ആളില്ല നിൽക്കണം എന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് പൂഞ്ഞാറ്റിൽ കിട്ടിയത് 2900 വോട്ട് മാത്രമാണ്. ഇത്തവണ അത് ഞാൻ 36112 വോട്ടാക്കി ഉയർത്താൻ. സ്വാഭാവികമായിട്ട് പലർക്കും അതിന് എന്നോട് ഇച്ചിരി മനപ്രയാസവും വേദനയും ഒക്കെ ഉണ്ടാവാം. ആ വേദനയൊക്കെ മനസ്സിൽ വെച്ചുകൊണ്ട് ഇരുന്നാൽ മതി. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ? ദൈവം എനിക്ക് അനുകൂലമായി, ജനം അനുകൂലമായി വോട്ട് ചെയ്തു. അതിന് വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല’ -ജോർജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgeelection fundbjp election fundBJP
News Summary - pc george bjp election fund poonjar
Next Story