നിലമ്പൂരിൽ നടന്നത് മുസ്ലിം ലീഗിന്‍റെ അതിപ്രസരം; മുസ്ലിംകൾ മാത്രമല്ല മണ്ഡലത്തിലുള്ളതെന്ന് പി.സി. ജോർജ്
text_fieldsകോട്ടയം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ നടന്നത് മുസ്ലിം ലീഗിന്‍റെ അതിപ്രസരമെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. നിലമ്പൂരിൽ മുസ്ലിംകൾ മാത്രമല്ല ഉള്ളത്. ആര്യാടൻ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാർഥിയല്ല. ജനകീയരായ നേതാക്കളെ മാറ്റിയാണ് ഷൗക്കത്തിന് സീറ്റ് നൽകിയത്. ഇത് മറ്റ് മതവിഭാഗങ്ങൾക്കിടയിൽ മോശം അഭിപ്രായം ഉണ്ടാക്കി. അത് ഷൗക്കത്തിന് ഗുണം ചെയ്യില്ലെന്നും പി.സി. ജോർജ് വ്യക്തമാക്കി.
ബി.ജെ.പി ജയിക്കണമെന്ന് പറയുന്ന തനിക്ക് യു.ഡി.എഫ് ഇന്നയാളെ പരിഗണിക്കണമെന്ന് പറയാനാവില്ല. മലയോര മേഖലയോടും കർഷകരോടും ഉത്തരവാദിത്വമുള്ള സ്ഥാനാർഥിയെ കൊണ്ടുവരേണ്ടതായിരുന്നു മര്യാദ. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും.
ആറു മാസത്തേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ട കാര്യമില്ലെന്നാണ് ബി.ജെ.പി നിലപാട്. ഉപതെരഞ്ഞെടുപ്പ് കൊണ്ട് ഒരു ഗുണവുമില്ല. ഒരു എം.എൽ.എ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംപക്കം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകാമായിരുന്നു. ആ ധാർമികത പിണറായി വിജയന് ഉണ്ടായില്ല.
ബി.ജെ.പി സ്ഥാനാർഥിയെ നിർത്തുകയോ ആർക്കെങ്കിലും പിന്തുണ കൊടുക്കുകയോ ചെയ്യും. അങ്ങനെ ചെയ്യാതിരിക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാഷ്ട്രീയ പാർട്ടി. ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ വരാൻ വേണ്ടിയാണിത്. അതല്ലാതെ മത്സരിക്കാതെ വീട്ടിൽ കയറി ഇരിക്കാനാണോ എന്നും ജോർജ് ചോദിച്ചു.
ബി.ജെ.പി-സി.പി.എം ബന്ധമുണ്ടെന്ന് പറയുന്നത് അബദ്ധമാണ്. അത് പഴയ ചരിത്രമാണ്. രാജീവ് ചന്ദ്രശേഖരാണ് ഇപ്പോൾ പ്രസിഡന്‍റ്. ഭാര്യ ബന്ധം വച്ച് പണ്ട് വോട്ട് കച്ചവടമുണ്ടായിരുന്നു. ഇനി അത് നടക്കില്ല. ബി.ജെ.പി പ്രവർത്തകർക്ക് വോട്ട് ചെയ്യാൻ നിലമ്പൂരിൽ സ്ഥാനാർഥിയുണ്ടാകുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

