ശ്രീകണ്ഠപുരം: പയ്യാവൂർ ഉപ്പുപടന്നയിൽ പിതാവ് മകനെ കുത്തിക്കൊന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. ഉപ്പുപടന്നയിലെ ഷാരോണിനെ (19) തേരകത്തിനാടി സജി ജോർജ് (48) കുത്തിക്കൊന്ന കേസിലാണ് തെളിവെടുപ്പ് നടത്തിയത്. പയ്യാവൂർ എസ്.ഐ പി.സി. രമേശനും കണ്ണൂരിൽനിന്നെത്തിയ ഫോറൻസിക് സംഘവും കൊല നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഷാരോണിനെ കുത്തിയ കത്തി കണ്ടെടുത്തു.
മുറിയിലെ കട്ടിലയുടെ മൂലയിൽനിന്നാണ് കത്തി കണ്ടെടുത്തത്. മുറിയിലെ ചോരപ്പാടുകൾ ഫോറൻസിക് വിഭാഗം ശേഖരിച്ച് പരിശോധക്കായി കൊണ്ടു പോയി. പ്രതിയുടെ വസ്ത്രവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകനെ കൊല്ലാൻ സംഭവ ദിനം പയ്യാവൂരിലെ കടയിൽനിന്ന് വാങ്ങിയതാണ് കത്തിയെന്ന് പ്രതി മൊഴി നൽകിയിരുന്നു. വളർത്തുനായ്ക്ക് ഭക്ഷണം നൽകിയില്ലെന്ന കാരണം പറഞ്ഞാണ് മദ്യലഹരിയിലെത്തിയ പ്രതി മകനെ കുത്തിക്കൊന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഷാരോണിെൻറ മൃതദേഹം മാതാവിെൻറ നാടായ മാലൂർ പോത്തുകുഴിയിൽ സംസ്കരിച്ചു. സജി ജോർജിനെ 27വരെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.