പയ്യന്നൂർ, തളിപ്പറമ്പ് സ്ഥാനാർഥിത്വം: നേതൃത്വത്തിന് വീഴ്ചയെന്ന് സി.പി.എം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്ചപറ്റിയെന്നും സംഘടന റിപ്പോർട്ട്. പയ്യന്നൂരിൽ പാർട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പ് സമയത്ത് ശക്തമായി. ഇത് പാർട്ടി വോട്ടു ചോർച്ചക്ക് കാരണമായി. അവലോകന റിപ്പോർട്ട് ചർച്ചചെയ്യുന്ന ഘട്ടത്തിൽ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥിനിർണയത്തിലുണ്ടായ വീഴ്ച കണ്ണൂർ ജില്ല കമ്മിറ്റി സ്വയം വിമർശനപരമായി അംഗീകരിച്ചിരുന്നു. ജില്ല കമ്മിറ്റി ശിപാർശ ചെയ്തവരുടെ പേരുകൾക്ക് അനുമതി നൽകിയ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച പറ്റി. പയ്യന്നൂരിലെ പരാജയത്തിൽ ആഴത്തിലുള്ള പരിശോധന വേണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
കണ്ണൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവും ആലപ്പുഴയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം, പാലക്കാട് ജില്ലകളിൽ മുൻ ജില്ല കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ വിവിധ ഘടകങ്ങളിൽ നടന്ന ചർച്ചയുടെ സ്വഭാവത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമണ്ട്. ‘ഗൗരവത്തോടെ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ വിലയിരുത്താൻ കുറേയേറെ ഘടകങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിക്കെതിരെ ബോധപൂർവം രൂപപ്പെടുത്തിയ വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവർത്തകർ പരിശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽവെച്ച് ചർച്ചയിൽ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ കൃത്യമായി പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

