മേലഷ്യയിൽ മരിച്ചത് കാമുകനെ വെട്ടിനുറുക്കിയ ഡോ. ഓമനയോ?
text_fieldsപയ്യന്നൂർ: മലേഷ്യയിലെ സുബാങ് ജായ സേലങ്കോറിൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീ കാമുകനെ വെട്ടിനുറുക്കി സൂട്ട്കെയ്സുകളിലാക്കിയ പയ്യന്നൂരിലെ ഡോ. ഓമനയാണെന്ന് സംശയം. ബുധനാഴ്ച മലേഷ്യൻ ഹൈകമീഷണർ മലയാളപത്രങ്ങളിൽ നൽകിയ പരസ്യം സംബന്ധിച്ച അന്വേഷണത്തിലാണ് മരിച്ച സ്ത്രീ ഡോ. ഓമനയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഫോട്ടോസഹിതമാണ് പരസ്യമുണ്ടായിരുന്നത്.

ഫോട്ടോയിൽ കാണുന്ന സ്ത്രീ കെട്ടിടത്തിൽനിന്ന് വീണുമരിച്ചതാണെന്നും മലയാളിയാണെന്ന് പറയപ്പെടുന്നുവെന്നും പരസ്യത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പിക്കും വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച സ്ത്രീ ഡോ. ഓമനയാണെന്ന നിഗമനത്തിലെത്തിയത്. ഡോക്ടറുടെ ബന്ധുക്കൾ ഫോട്ടോ തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാൽ, ഡി.എൻ.എ പരിശോധനയിലൂടെ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ എന്ന് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ മാധ്യമത്തോടു പറഞ്ഞു.
കാമുകൻ മുരളീധരനെ വെട്ടി നുറുക്കി സൂട്ട്കെയ്സുകളിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കവെ തമിഴ്നാട് പിടിയിലായ ഡോ.ഓമന 16 വർഷത്തിലധികമായി ഒളിവിലാണ്. തമിഴ്നാട് പൊലിസും ഇൻറർപോളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
