Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ

text_fields
bookmark_border
സി.പി.എം പ്രതിരോധത്തിൽ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ
cancel

പയ്യന്നൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സി.പി.എം ഔദ്യോഗിക നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി നിർണ്ണായക രേഖകൾ പുറത്തുവിട്ട് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വകമാറ്റിയെന്ന ആരോപണത്തെ ശരിവെക്കുന്ന ബാങ്ക് രേഖകളാണ് നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണം. ഇത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ പണം ഭവന നിർമ്മാണത്തിനായി ചെലവഴിച്ചുവെന്ന് കാണിച്ച് പാർട്ടി തലത്തിൽ കള്ളരേഖകൾ ഉണ്ടാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.

നേരത്തെ ഫണ്ട് വിവാദം ഉന്നയിച്ചതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ, പയ്യന്നൂരിലെ സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗവുമായി കടുത്ത ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ പുറത്തുവന്ന ഈ ബാങ്ക് രേഖകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആരോപണങ്ങളിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.

നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ "ധൈര്യപ്പെടേണ്ട".

2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്.

ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്?

നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്?

ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.

പോരാട്ടം തുടരുകയാണ്…

വി കുഞ്ഞികൃഷ്ണൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payyannur Martyr Fund Scam: Ex-CPM Leader V. Kunhikrishnan Releases Bank Documents Implicating Area Secretary.
Next Story