പയ്യന്നൂർ ഫണ്ട് വിവാദം: പാർട്ടിക്ക് ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല; കണക്ക് മാധ്യമങ്ങളോട് പറയില്ല’ -കെ.കെ രാഗേഷ്
text_fieldsകണ്ണൂർ: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ പാർട്ടിക്ക് ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. പൊതുജനങ്ങളിൽനിന്ന് പിരിവെടുക്കാത്തതിനാൽ മാധ്യമങ്ങൾക്കു മുന്നിൽ കണക്ക് അവതരിപ്പിക്കാനില്ലെന്നും കണക്കു പറയാൻ പയ്യന്നൂരിലെ മുഴുവൻ ബൂത്തുകളിലും കുടുംബയോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഫണ്ട് വിനിയോഗത്തിൽ ചില പേരായ്മകൾ പാർട്ടി നേരത്തേ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രക്തസാക്ഷി ഫണ്ടിൽനിന്നുള്ള പണം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന് താൽക്കാലികമായി ഉപയോഗിച്ചിട്ടുണ്ട്. ഈ പണം പിന്നീട് തിരികെ മാറ്റിയതാണ്. രക്തസാക്ഷി ഫണ്ട് അക്കൗണ്ടിൽ സൂക്ഷിക്കാതെ ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ പണം സൂക്ഷിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ രക്തസാക്ഷി ഫണ്ടിലേക്കുതന്നെ മാറ്റാൻ അന്നത്തെ ജില്ല കമ്മിറ്റി നിർദേശിച്ചതാണ്. പണപ്പിരിവിനുള്ള രശീതി ബുക്ക് അച്ചടിച്ചതിൽ വീഴ്ചയുണ്ടായതായും ഉത്തരവാദിയായ ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
പാർട്ടിയംഗങ്ങളിൽനിന്നും അനുഭാവികളായ സഹകരണവകുപ്പ് ജീവനക്കാരിൽനിന്നുമാണ് പണപ്പിരിവ് നടത്തിയത്. അതിനാൽ, പാർട്ടിക്കാർക്കു മുന്നിൽ മാത്രമേ കണക്ക് അവതരിപ്പിക്കേണ്ടതുള്ളൂ. ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തിനു പിന്നിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയോടുള്ള തീരാത്ത പകയാണ്. അദ്ദേഹമിറക്കിയ പുസ്തകത്തിൽ മുഴുവൻ ഈ പക കാണാം. പുസ്തകത്തിന് ‘പകയുടെ കണക്ക് പുസ്തകം’ എന്ന പേരാണ് വേണ്ടിയിരുന്നത്.
ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്താനും വീടുണ്ടാക്കാനുമായിരുന്നു ഫണ്ട് സമാഹരിച്ചത്. കുടുംബത്തെ സാമ്പത്തികമായി സഹായിച്ചു. വീട് നിർമിച്ചു നൽകി. ബാക്കി പണം കേസ് നടത്തിപ്പിലേക്കു മാറ്റി. വരവുചെലവ് കണക്ക് അവതരിപ്പിക്കാൻ നാലുവർഷം വേണ്ടിവന്നുവെന്നത് വീഴ്ചയാണ്. ജില്ല കമ്മിറ്റിക്ക് അത് ബോധ്യപ്പെട്ടതിനാലാണ് ടി.ഐ. മധുസൂദനൻ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർക്കെതിരെ മുമ്പ് നടപടിയെടുത്തത്. പയ്യന്നൂരിൽ സഹകരണ ബാങ്കിനുവേണ്ടി സ്ഥലം വാങ്ങിയതിൽ അഴിമതിയില്ലെന്നും നീർത്തട ഭൂമിയല്ല വാങ്ങിയതെന്നും ഇക്കാര്യത്തിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും കെ.കെ. രാഗേഷ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

