ചീഫ് സെക്രട്ടറിമാരെ വിളിപ്പിച്ചു; ജില്ലാ ജഡ്ജിമാരുടെ ശമ്പള വർധന നടപ്പാക്കി കേരളം
text_fieldsസുപ്രീംകോടതി (ANI Photo)
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിച്ചിട്ടും രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമീഷന്‍ ശിപാര്‍ശ പ്രകാരം ജില്ലാ ജഡ്ജിമാർക്ക് ശമ്പള വർധന നടപ്പാക്കാത്ത കേരളത്തിന്റേതടക്കം 18 ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും ഇന്ന് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെ ശിപാർശ നടപ്പാക്കിയെന്ന് കേരളം ബോധിപ്പിച്ചു. സര്‍വിസിലുള്ള ജഡ്ജിമാർക്ക് 2016 മുതലുള്ള പരിഷ്‌കരിച്ച ശമ്പളം വിതരണം ചെയ്തുവെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.
കേരളം ശിപാർശ നടപ്പാക്കിയ സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഹാജരാകും. ശിപാര്‍ശ നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടിയ കേരളത്തോട് സമയം നീട്ടിനല്‍കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ശിപാര്‍ശ നടപ്പാക്കിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാൻഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കർ മുഖേന സുപ്രീംകോടതിയെ അറിയിച്ചത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരിമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചുവെന്നും അവ പൂർണമായും വിതരണം ചെയ്തുവെന്നുമാണ് കേരളം അറിയിച്ചത്. 2016ന് മുമ്പ് വിരമിച്ച ഓഫിസര്‍മാരുടെ പെന്‍ഷൻ വര്‍ധിപ്പിച്ചുവെന്നും അതിന്റെ കുടിശ്ശിക വിതരണം ചെയ്തുവെന്നും കേരളം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

