കാപ്പ ചുമത്തിയ സുഗതന് കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ കൊടുക്കണമെന്ന് ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ അംഗം ആർ സുഗതനെതിരെ കാപ്പ ചുമത്തിയത് പൈശാചികമാണെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ. സുഗതന് 15,000 രൂപ കലക്ടർ സ്വന്തം ശമ്പളത്തിൽ നിന്ന് കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കാപ്പ നിയമം ഉപയോഗിച്ച് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് നീക്കങ്ങൾക്കെതിരെ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ കുടുംബവും ബി.ജെ.പിയും നിയമസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അവർ.
‘കേരള സർക്കാർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. രാഷ്ട്രീയപരമായി ദുഷ്ടലാക്കോടുകൂടി നിയമങ്ങൾ ദുരുപയോഗം ചെയ്യാറുണ്ട്. നമ്മൾ അതിന് ദൃക്സാക്ഷികളാണ്. പക്ഷേ ഇത്രയും അധാർമികമായി ഇത്രയും പൈശാചികമായി ഒരു നിയമം ദുരുപയോഗം ചെയ്ത് ഒരു പൊതുപ്രവർത്തകനെ നാലുമാസത്തോളം കാരാഗൃഹത്തിൽ അയക്കുക എന്ന് പറയുന്നത് കേരള സർക്കാരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട അധ്യായമായി എന്നെന്നും നിലനിൽക്കും.
ഇതിനു മുമ്പ് കേരളത്തിൽ ഒരിക്കലും ജനപ്രതിനിധിയെ കാപ്പ ചുമത്തുകയോ കാപ്പ ചുമത്തി അകത്താക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി മാത്രം നടന്ന ഒരു സംഭവമാണിത്. ബി.ജെ.പി കേരളത്തിൽ ഉയരാൻ തുടങ്ങിയത് എന്നാണോ അന്നുമുതൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു. അന്ന് ഇവിടെ ഇൻഡ്യാ മുന്നണി രൂപം കൊണ്ടു.
നേരത്തെ വട്ടപ്പാറയിലെ പല സ്ഥലങ്ങളിലും വട്ടപ്പാറ നിയോജക മണ്ഡലത്തിലെ പല വാർഡുകളിലും സിപിഎമ്മുകാരെ കോൺഗ്രസുകാർ കൂട്ടം നിന്ന് ജയിപ്പിച്ചു വിട്ട ചരിത്രം ഉണ്ടായിരുന്നു. അതൊക്കെ തകർത്തുകൊണ്ടാണ് ബിജെപി മുന്നേറ്റം. 2020-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന യുവനേതാവാണ് സുഗതൻ. അദ്ദേഹത്തിന്റെ ഉയർച്ച സഹിക്കാൻ പറ്റാതെ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ വലിയ നാടകമായിരുന്നു കാപ്പ കേസിൽ പ്രതിയാക്കലും അറസ്റ്റും.
ഒളിവിൽ പോകാതെ വീട്ടിൽ താമസിക്കുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ നൂറോളം പോലീസുകാരും നാലഞ്ചു പോലീസ് വാഹനങ്ങളും ഒരു ജീപ്പും ഒക്കെ ആയാണ് വന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആകാശത്തേക്ക് വെടിയുയർത്തി കുട്ടികളെ കരയിപ്പിച്ച് നാട്ടുകാരെ മുഴുവനും ഭീതിപ്പെടുത്തിയാണ് ഈ പോലീസ് നായാട്ട്. ഈ വ്യക്തിയാണോ അതോ പോലീസ് ആണോ ഗുണ്ട പ്രവർത്തനം നടത്തിയത്.
നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെ മനപൂർവ്വം ദ്രോഹിക്കാൻ ഉണ്ടാക്കിയ കേസാണിത്. എന്നിട്ട് ഹൈക്കോടതി കാപ്പ ഉത്തരവ് റദ്ദാക്കി. സർക്കാരിന്റെ ഉത്തരവുകൾ എല്ലാം റദ്ദാക്കി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഉത്തരവുകൾ എല്ലാം തെറ്റായിരുന്നു എന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നു.
മുൻ എംഎൽഎ ആയിരുന്ന വി.കെ. പ്രശാന്തും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള ഗുണ്ടകളും ചേർന്ന് നടത്തിയ ഒരു പ്രവർത്തനം രമേശ് ചെന്നിത്തലയുടെ പൊലീസും ചെയ്യുന്നു. ഇൻഡ്യാ മുന്നണിയുടെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണിത്. അതിപ്പോൾ നമ്മൾ ഡൽഹിയിലും കാണുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് മോദിജിയെ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉന്നം വെക്കുന്നത്. അല്ലാതെ ഗ്യാനേഷ് കുമാറോ മറ്റാരെങ്കിലുമോ അല്ല.
ഗ്യാനേഷ് കുമാർ അവർക്ക് വെറും ഒരു ആയുധം മാത്രം. അവരുടെ ലക്ഷ്യം ബിജെപിക്കെതിരെയാണ്. അതുതന്നെയാണ് കേരളത്തിൽ ബിജെപിയുടെ ഉയർച്ച കണ്ട് പേടിക്കുന്നത്.
ഞാൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തതുകൊണ്ട് പറയുകയാണ്, കാപ്പാ നിയമം ഉപയോഗിക്കുന്നത് ഏറ്റവും മോശം കുറ്റവാളികൾക്കെതിരെയാണ്. കള്ളക്കടത്തുകാർ, മയക്കുമരുന്ന് നിരന്തരം വിൽക്കുന്നവർ, കുട്ടികളെ ഉപദ്രവിക്കുന്ന ആൾക്കാർ, ആളുകളുടെ കയ്യിൽ നിന്ന് പിടിച്ചുപറി മോഷണം തുടങ്ങിയവ നടത്തുന്നവർ, കള്ളച്ചാരായം വിൽക്കുന്നവർ, ക്രിമിനൽ പ്രവർത്തനത്തിലൂടെ കാശുണ്ടാക്കുന്ന ആൾക്കാർ, കാശ് വാങ്ങി നടത്തുന്ന ഗുണ്ടാ പ്രവർത്തനം നടത്തുന്നവർ എന്നിവർക്കെതിരെയാണ് കാപ്പാ നിയമം ചുമത്തുക. ഇവിടെ അതൊക്കെ മറന്നുകൊണ്ടുള്ള പൊലീസിന്റെ പ്രവൃത്തി അത്യന്തം ദയനീയമാണ്. ദുഷ്ടലാക്കോടു കൂടിയാണിത്.
നിയമപ്രകാരം ഏത് ജയിലിൽ വേണമെങ്കിലും സുഗതനെ അടയ്ക്കാമായിരുന്നു. തിരുവനന്തപുരം ജില്ലാ ജയിലിലോ തിരുവനന്തപുരം സെൻട്രൽ ജയിലിലോ കൊണ്ടുപോകമായിരുന്നു. എന്തുകൊണ്ട് തൃശ്ശൂരിൽ കൊണ്ടുപോയി. കാരണം കുടുംബം ബുദ്ധിമുട്ടണം. കുടുംബത്തിന് സുഗതനെ കാണാനുള്ള എല്ലാ വഴികളും അടയ്ക്കാൻ വേണ്ടി മനപ്പൂർവ്വം ദ്രോഹിച്ചതാണ്.
എവിടെ അറസ്റ്റ് ചെയ്തോ അവിടുത്തെ ജയിലിൽ പാർപ്പിക്കാൻ പാടില്ല എന്ന് ഒരു നിയമവും പറയുന്നില്ല. ഇവിടെ തന്നെ പാർപ്പിക്കമായിരുന്നു.
കൂടാതെ വകുപ്പ് 18 കാപ്പ ആക്ട് പ്രകാരം പറയുന്നത് നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ സർക്കാർ ചെയ്യേണ്ട ആദ്യത്തെ പണി ആ ഓർഡർ ഇഷ്യൂ ചെയ്ത ആളുടെ കൈയ്യിൽ നിന്ന് എത്ര ദിവസം ജയിലിൽ കിടന്നോ ഓരോ ദിവസവും നൂറിൽ കുറയാത്ത ഒരു തുക വെച്ച് ആ പ്രതിക്ക് ഉടൻ കൊടുക്കണം എന്നാണ്. അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് അനി കുമാരി എന്ന പഴയ കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുത്തുകൊണ്ടുള്ള ഒരു ഉത്തരവ് സർക്കാർ ഇറക്കണം. അതിന് സർക്കാർ ധൈര്യപ്പെടുമോ? കള്ളക്കേസിന് കൂട്ടുനിന്ന കലക്ടർ പോലീസ് ഓഫീസേഴ്സ് അഡ്വൈസറി ബോർഡിൽ നിന്ന് രാജിവെച്ചു പോകണം’ -ശ്രീലേഖ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

