പവൻ ഖേരയെ പുറത്തിറക്കിയത് ബാഗേജ് പ്രശ്നം പറഞ്ഞ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്ലീനറിക്ക് റായ്പുരിലേക്ക് പോകുകയായിരുന്ന കോൺഗ്രസ് മാധ്യമ, പ്രചാരണ വിഭാഗം ചെയർപേഴ്സൺ പവൻ ഖേരയെ ഡൽഹി-റായ്പുർ ഇൻഡിഗോ വിമാനത്തിൽനിന്ന് നാടകീയമായി ഇറക്കിയാണ് അറസ്റ്റ് ചെയ്തത്. അതേ വിമാനത്തിൽ കൂടെ റായ്പുരിലേക്ക് പുറപ്പെട്ട കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, ഇംറാൻ പ്രതാപ്ഗഢി തുടങ്ങിയ 50ാളം കോൺഗ്രസ് പ്രവർത്തകർ ഖേരക്കൊപ്പം ഇറങ്ങിവന്ന് മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടർന്ന് അസം പൊലീസ് എത്തി ഖേരയെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയിലേക്ക് കുതിച്ച കോൺഗ്രസ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുകയും അസമിലേക്ക് കൊണ്ടുപോകുന്നത് തടയുകയും ചെയ്തു.
മുംെബെയിൽ ഈ മാസം 17ന് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന് പറയുന്നതിന് പകരം അദാനിയുടെ പേരിന്റെ ആദ്യഭാഗം ചേർത്ത് നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പറയുകയും പിന്നീട് ക്ഷമാപണം നടത്തിയ ശേഷം അതുപോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് പറയുകയും ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഹാൻഡ് ബാഗേജ് മാത്രം കൈവശമുണ്ടായിരുന്ന ഖേരയോട് ബാഗേജിൽ പ്രശ്നമുണ്ടെന്നാണ് ആദ്യം പറഞ്ഞത്. നിങ്ങൾക്ക് യാത്രചെയ്യാനാവില്ലെന്ന് പറഞ്ഞ് ഇറക്കിയ ശേഷമാണ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ കാണുമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞത്.
കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം വിമാനത്തിൽ നിന്നിറങ്ങി. വിമാനം പുറപ്പെടാൻ അനുവദിക്കാതെ റൺവേയിലേക്കുള്ള റോഡിൽ ഖേരക്കൊപ്പം വേണുഗോപാലും സുർജേവാലയും പ്രതാപ് ഗഢിയും അടക്കമുള്ള നേതാക്കൾ കുത്തിയിരുന്ന് മോദിയുടെ ഗുണ്ടായിസം നടക്കില്ലെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങി.
പ്രതിഷേധത്തിനിടയിൽ ഖേരയെ അസം പൊലീസിന് കൈമാറാൻ തുനിഞ്ഞ ഡൽഹി പൊലീസ് ഡി.സി.പിയോട് എഫ്.ഐ.ആറോ, മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റോ കാണിക്കാൻ സുർജേവാല ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അസമിൽ വ്യാഴാഴ്ച രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെ കുറിച്ച് ഡൽഹി പൊലീസ് പറഞ്ഞത്. ഉത്തർപ്രദേശ് പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു. പിന്നീട് അറസ്റ്റും അന്വേഷണവുമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഖേരയെ വിമാനത്തിൽനിന്ന് ഇറക്കിയതെന്ന് ഇൻഡിഗോ പിന്നീട് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

