മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ പരാക്രമം
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ പരാക്രമം. മദ്യാസക്തി കുറക്കാനുള്ള ചികിത്സക്കെത്തിയ 35കാരനാണ് കത്തിയെടുത്ത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചത്. പൊലീസെത്തി പിടികൂടിയ യുവാവിനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
വെള്ളിയാഴ്ച രാവിലെയാണ് മാതാവിനൊപ്പം ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധനയിൽ മദ്യത്തിന്‍റെ അംശം കരളിനെ ബാധിച്ചതായി കണ്ടെത്തി. മെഡിസിൻ വാർഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടെ രാത്രി 12ന് മദ്യം ലഭിക്കാതെ രോഗി പരാക്രമം തുടങ്ങി. ഇൻജക്ഷനും മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. മരുന്നുകളോട് രോഗി പ്രതികരിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതിനിടെ പെട്ടെന്ന് വാർഡിലെ നഴ്സിങ് റൂമിലെത്തിയ രോഗി ഇവിടെ നിന്ന് കത്തി ഉൾപ്പെടെ ഉപകരണങ്ങൾ എടുത്ത് മറ്റു രോഗികളെ ആക്രമിക്കാൻ ശ്രമിച്ചു. ഡോക്ടർമാരും മറ്റു രോഗികളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയം പ്രായമായവർ ഉൾപ്പെടെ 40 രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്. പുലർച്ച മൂന്നിന് പരാക്രമം കൂടിയതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കട്ടിലിൽ ബന്ധിപ്പിച്ചത്.
ഇത്തരം രോഗികളെ ചികിത്സിക്കാൻ പ്രത്യേക മുറി മഞ്ചേരി മെഡിക്കൽ കോളജിൽ ഇല്ല. ജയിലിൽനിന്ന് കൊണ്ടുവരുന്ന പ്രതികളെ പാർപ്പിക്കുന്ന വാർഡ് ഉണ്ടെങ്കിലും ഇവിടെ അക്രമാസക്തരാകുന്ന മറ്റു രോഗികളെ കിടത്താൻ പാടില്ല. മാനസികാരോഗ്യ വാർഡിലും മതിയായ സൗകര്യമില്ല. വാതിലും ജനലും ഉൾപ്പെടെ മതിയായ സുരക്ഷയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കാൻ ഇരുമ്പുനിർമിത വാതിലുകൾ ഉൾപ്പെടെ പ്രത്യേക മുറികൾ ഉണ്ട്. ഇത്തരം സൗകര്യം മഞ്ചേരിയിലും ഒരുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ സർക്കാറിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ആശുപത്രിയിൽ സൗകര്യം ഒരുക്കുന്നതുവരെ ഇത്തരം രോഗികളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് അധികൃതരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

