കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം
text_fieldsകുന്നംകുളം (തൃശൂർ): കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന രോഗി എറണാകുളം കളമശ്ശേരിയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ കോയാക്കിൽ വീട്ടിൽ കുഞ്ഞിരാമൻ (87), കാർ യാത്രിക കൂനംമൂച്ചി കൂത്തൂർ സ്വദേശി ആന്റണിയുടെ ഭാര്യ പുഷ്പ (55) എന്നിവരാണ് മരിച്ചത്. റിട്ട. എച്ച്.എം.ടി ജീവനക്കാരനായ കുഞ്ഞിരാമൻ കളമശരി ചങ്ങമ്പുഴ നഗർ മാനാത്തുപാടം രോഷ്നി ഭവനിലാണ് താമസം.
കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ഞായറാഴ്ച ഉച്ചക്ക് 3.15ഓടെയായിരുന്നു അപകടം. മരിച്ച കുഞ്ഞിരാമന്റെ മകളുടെ ഭര്‍ത്താവ് കണ്ണൂര്‍ ചെറുകുന്ന് കുറ്റിയില്‍ ചന്ദ്രന് (60), സഹോദരിയുടെ മകന് വിനോദ്കുമാര്‍ രാമന്തളി (61), ചെറുകുന്ന് സ്വദേശി ഷാജു (46), ആംബുലന്‍സ് ഡ്രൈവര്‍ കളമശ്ശേരി കാട്ടിപ്പറമ്പില്‍ അനീഷ് (40), നഴ്സിങ് അസിസ്റ്റന്റ് കളമശ്ശേരി മണ്ടക്കാട്ട് വീട്ടില്‍ വിബിന് (35) എന്നിവരെ പരിക്കുകളോടെ കാണിപ്പയ്യൂരിലെ ആശുപത്രിയിലും കാർ ഓടിച്ചിരുന്ന ആന്റണിയെ (60) ഗുരുതരാവസ്ഥയിൽ തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കളമശ്ശേരി കിൻഡർ ആശുപത്രിയിൽനിന്ന് രോഗിയുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽപ്പെട്ടത്. മകളുടെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽനിന്ന് കൂനംമൂച്ചിയിലേക്ക് വരികയായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്ന് വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാറിലെ ഇന്ധന ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നു. ആംബുലന്‍സില്‍നിന്ന് ഓക്സിജനും ചോര്‍ന്നു. സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുഞ്ഞിരാമന്റെ സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചരക്ക് കളമശ്ശേരി നഗരസഭ ശ്മശാനത്തിൽ നടക്കും. ഭാര്യ: കല്യാണി. മകൾ: രോഷ്നി. മരുമകൻ: ചന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

