ലക്ഷദ്വീപ് ജനതയുടെ ക്ഷമ ബലഹീനതയല്ല
text_fieldsകൊച്ചി: ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് ജനതയുടെ ക്ഷമ ബലഹീനതയായി കണക്കാക്കരുതെന്ന് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ. ജയിൽ മോചിതനായതിനെ തുടർന്ന് എൻ.സി.പി കേരള ഘടകം എറണാകുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ അയോഗ്യനാക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ പ്രത്യേക താൽപര്യത്തിന് പിന്നിൽ എന്താണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
തനിക്കെതിരായ കേസ് ദുർബലമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. വധശ്രമക്കേസ് എന്ന് പറയുന്നുണ്ടെങ്കിലും ആയുധങ്ങൾ കണ്ടെത്തിയിട്ടില്ല. ഒരു ശിക്ഷയും വിധിക്കാൻ വകുപ്പില്ലാത്ത കേസിലാണ് കവരത്തി സെഷൻസ് കോടതി പത്ത് വർഷം തടവ് വിധിച്ചത്. കോടതി വിധി വന്ന് പിറ്റേന്നുതന്നെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ധിറുതിപിടിച്ച് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവുമുണ്ടായി. ഇത്തരം നടപടികളിലൂടെ പാർലെമന്‍റ് അംഗമായി ആരെ വിജയിപ്പിക്കാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നൂറ് വോട്ടുപോലും ലക്ഷദ്വീപിൽ ബി.ജെ.പിക്ക് ഇല്ല. കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ കാണിക്കുന്ന വ്യഗ്രത എന്തിന് വേണ്ടിയാണ്. ലക്ഷദ്വീപ് കോൺഗ്രസ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. പ്രഫുൽഖോദ പട്ടേലും ലക്ഷദ്വീപ് കോൺഗ്രസും തമ്മിലുള്ള ബന്ധം ജനം മനസ്സിലാക്കുന്നുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാൽ കുറ്റബോധമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി വിചാരിച്ചാൽ ജനാധിപത്യം കശാപ്പ് ചെയ്യാമെന്ന ചിന്തക്കേറ്റ തിരിച്ചടിയാണ് മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈകോടതി വിധിയെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. രാജ്യത്ത് ഏകാധിപത്യ കരങ്ങൾ ഉയരുന്നതിന്‍റെ തെളിവാണ് ലക്ഷദ്വീപിൽ അരങ്ങേറിയ സംഭവങ്ങൾ. ആയിരങ്ങൾ യാത്രാദുരിതത്തിൽ ബുദ്ധിമുട്ടുമ്പോൾ എം.പിയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിക്കാൻ നിമിഷങ്ങൾക്കുള്ളിൽ ദ്വീപിൽ വിമാനം തയാറാക്കി. ഗുജറാത്തിൽനിന്നെത്തിയ ആർ.എസ്.എസുകാരനാണ് പ്രഫുൽപട്ടേൽ -ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

