തൊഴിലിനൊപ്പം ഉപരിപഠനത്തിന് വഴി തുറക്കണം; സ്കൂൾ പാഠ്യപദ്ധതി കരട് ചട്ടക്കൂടിൽ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പഠനം കഴിയുന്നതോടെ തൊഴിൽ ചെയ്തുകൊണ്ട് ഉപരിപഠനത്തിന് പോകാനുള്ള സാധ്യതകൾ തുറക്കണമെന്ന് സ്കൂൾ പാഠ്യപദ്ധതി കരട് ചട്ടക്കൂടിൽ നിർദേശം.
12ാം ക്ലാസ് പഠനം പൂർത്തിയാക്കുന്നവർക്ക് സ്വയംതൊഴിൽ നേടി സമൂഹത്തിന്‍റെ വികസന പ്രക്രിയയിൽ പങ്കാളിയാകാൻ കഴിയണം. ഇതിനനുസൃതമായി ഹയർ സെക്കൻഡറി തലത്തിൽ സവിശേഷ പഠനത്തിന് അവസരമൊരുക്കണം.
ഈ ഘട്ടത്തിൽ കുട്ടികൾക്ക് താൽപര്യവും അഭിരുചിയുമുള്ള തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് അവസരമുണ്ടാകണം. ഇതിനായി ഭാഷാ വിഷയങ്ങൾ, കോർ വിഷയങ്ങൾ, തൊഴിൽ വിഷയങ്ങൾ എന്നിങ്ങനെ ഹയർ സെക്കൻഡറി പഠനത്തെ ക്രമീകരിക്കണം. നിർബന്ധമായി പഠിക്കേണ്ട വിഷയങ്ങളും ഐച്ഛികമായി പഠിക്കേണ്ട വിഷയങ്ങളും തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകണം.
കൃഷി, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ആധുനിക തൊഴിലുകൾ, വാഹന റിപ്പയറിങ്, ഗൃഹോപകരണ റിപ്പയറിങ്, വയറിങ്, പ്ലംബിങ്, മൊബൈൽ റിപ്പയറിങ്, ഹൗസ് കീപ്പിങ്, ഗാർഡനിങ്, പാചകം, ഫിഷറീസ്, ഡ്രൈവിങ്, ഡി.ടി.പി, ബാങ്കിങ്, ഫിനാൻസ്, ടാക്സ് തുടങ്ങിയ തൊഴിൽ മേഖലകളിലെ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കണം.
ഹയർ സെക്കൻഡറിയിൽ നാല് വിഷയങ്ങൾ വേണ്ട
ഹയർ സെക്കൻഡറിയിൽ ഭാഷ വിഷയങ്ങൾക്ക് പുറമെ നാല് വിഷയങ്ങൾ പഠിക്കണമെന്ന അവസ്ഥ പുനഃപരിശോധിക്കണമെന്നും കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശിക്കുന്നു. ഇംഗ്ലീഷ് നിർബന്ധിത ഭാഷയായും മറ്റൊരു ഭാഷ ഐച്ഛികമായി തെരഞ്ഞെടുത്ത് പഠിക്കുകയും ചെയ്യാം. ഇതിന് പുറമെ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ നാല് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് പകരം നാലാമത്തെ വിഷയം ഐച്ഛികമാക്കണം.
ഈ ഘട്ടത്തിൽ കൂടുതൽ വിഷയങ്ങൾ ഐച്ഛികമായി തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും നിർദേശിക്കുന്നു.
സാമൂഹിക സേവനം/സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്/ സന്നദ്ധ സേവനം തുടങ്ങിയ ഏതെങ്കിലും മേഖലയിൽ ആറ് മാസമെങ്കിലും നിർബന്ധമായി പ്രവർത്തിക്കാൻ അവസരമൊരുക്കണം.
ഇംഗ്ലീഷിൽ ആശയവിനിമയശേഷി നേടണം
സ്കൂൾ വിദ്യാഭ്യാസത്തിൽ മാതൃഭാഷ പഠനത്തിന് പുറമെ ഇംഗ്ലീഷ് പഠനത്തിന് വർധിച്ച ഊന്നൽനൽകാനും കരട് രേഖയിൽ നിർദേശിക്കുന്നു. ഹൈസ്കൂൾ തലത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി കൈവരിക്കണം. സാഹിത്യാസ്വാദനം, സർഗാത്മകചിന്ത, ഭാഷയുടെ സൗന്ദര്യമുൾക്കൊള്ളൽ, സർഗാത്മക രചനകൾ തുടങ്ങിയവക്കുള്ള അവസരം ലഭിക്കണം.
ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷിൽ സ്വതന്ത്രരചന നടത്താനും വിമർശനകുറിപ്പുകൾ തയാറാക്കാനും സ്വതന്ത്ര പരിഭാഷ നിർവഹിക്കാനും കഴിയുന്ന രൂപത്തിൽ ഇംഗ്ലീഷ് ഭാഷ ശേഷി വികസിപ്പിക്കണം. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷ പഠന ബോധന മാധ്യമമാകണം. ഭാഷാപഠനത്തിൽ വ്യാകരണ നിയമത്തിന് ഊന്നൽ നൽകുന്നതിന് പകരം വ്യാകരണപരമായി ശരിയായതും ശക്തമായതുമായ ഭാഷ പ്രയോഗിക്കാനുള്ള അവബോധം കുട്ടിയിലുണ്ടാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

