തിരുവല്ല സി.പി.എമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടി; ലോക്കൽ സെക്രട്ടറിയെ മാറ്റി
text_fieldsപത്തനംതിട്ട : തിരുവല്ല സി.പി.എമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താൽക്കാലിക ചുമതല നൽകി. അലങ്കോലമായ ലോക്കൽ സമ്മേളനം ഒമ്പതിന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നൽകി.
രൂക്ഷമായ വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സി.പി.എം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
തിരുവല്ലയിലെ സംഘടന കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവല്ലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും പ്രതികരിച്ചു. ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കൈയാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തെ നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

