പത്തനംതിട്ട കൂട്ടപീഡനം: മക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളുടെ പ്രതിഷേധം
text_fieldsപത്തനംതിട്ട: വിദ്യാർഥിനിയെ 64 പേർ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ചില വിദ്യാർഥികളുടെ ബന്ധുക്കൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. മക്കൾ അറസ്റ്റിലായതിന്റെ ഞെട്ടലിലായ മാതാപിതാക്കളും ബന്ധുക്കളുമാണ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതിനിടെ, 64 പേർ പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ വിപുലമായി അന്വേഷിക്കാൻ ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ ടീമംഗങ്ങളാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളിൽ പലരും ഇതിനകം ഒളിവിൽ പോയതും അന്വേഷണം വിപുലപ്പെടുത്താൻ കാരണമായി.
ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. മകരവിളക്ക് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാക്കും.
പിടിയിലാകുന്നവർക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടുവർഷത്തിൽ കൂടുതലുള്ള ഡേറ്റകൾ ചില മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.
പീഡിപ്പിച്ച നാൽപതോളം പേരുടെ നമ്പറുകളാണ് പെൺകുട്ടി പിതാവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

