പത്തനംതിട്ട കൂട്ടപീഡനം: പ്രതിയുടെ അമ്മയിൽനിന്ന് 8.65 ലക്ഷം തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
text_fieldsപത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട കൂട്ടപീഡനക്കേസിൽ പ്രതിയുടെ മാതാവിൽ നിന്ന് പണംതട്ടിയതായി പരാതി. രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടിയ കേസിൽ ഒന്നാം പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ (24) സഹോദരൻ ജോമോന്‍ മാത്യു, കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്ന് പണം തട്ടിയത്. അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെയാണ് വൻ തട്ടിപ്പ് പുറത്തറിഞ്ഞത്.
കായികതാരമായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെൺകുട്ടിയെ 60 പേർ പീഡിപ്പിച്ചുവെന്ന കേസിൽ ഒന്നും രണ്ടും പ്രതികളാണ് ജോജി മാത്യുവും ഷൈനുവും. ഇരുവരും രണ്ടുമാസം മുമ്പ് അറസ്റ്റിലായിരുന്നു. ഇതിൽ ഷൈനുവിന്റെ കേസ് നടത്താൻ ഒന്നാം പ്രതിയുടെ സഹോദരൻ പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യുവാണ് സഹായിച്ചിരുന്നത്. ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഷൈനുവിന്റെ മാതാവില്‍ നിന്ന് ഇയാൾ പണം തട്ടിയത്. രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങുകയായിരുന്നു.
രണ്ടു പ്രതികള്‍ക്കും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക മാതാവിനോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.
13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 60 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയോടൊപ്പം പഠിച്ചവരും യുവാക്കളും കൗമാരക്കാരുമാണ് പ്രതികളിൽ അധികവും. സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. 2019 തുടങ്ങി അഞ്ചുവർഷത്തിനിടെയായിരുന്നു പീഡനം. അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പെൺകുട്ടിയുടെ നാട്ടുകാരും സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണ്. 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

