പീഡനം: വൈദ്യപരിശോധന നിഷേധിച്ച വനിത ഡോക്ടർമാർ സസ്പെൻഷനിൽ
text_fieldsപത്തനംതിട്ട: ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചരവയസ്സുള്ള കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാതിരുന്ന വനിത ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഡോ. ഗംഗ, ഡോ. ലേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അയിരൂർ പഞ്ചായത്തിലെ കുട്ടിയെയാണ് അയൽവാസിയായ യുവാവ് ശാരീരികമായി ഉപദ്രവിച്ചത്.
ഭരണകക്ഷി എം.എൽ.എയുടെ ഡ്രൈവറായി കുറച്ചുനാൾ ജോലി ചെയ്തയാളാണ് പ്രതിയെന്നതിനാൽ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ സെപ്റ്റംബർ 14ന് കോയിപ്രം പൊലീസ് കേസെടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ തയാറായില്ല. ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെ ഡി.എം.ഒ അന്വേഷണം നടത്തി.
