പത്തനംതിട്ട പോക്സോ കേസ് അട്ടിമറി; സി.ഡബ്ല്യൂ.സി ചെയർമാന് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: ഹൈകോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ. രാജീവിന് സസ്പെൻഷൻ. പ്രതിയായ അഭിഭാഷകൻ പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പത്തനംതിട്ട ജില്ല കലക്ടർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വനിത ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവ്. ഹൈകോടതി അഭിഭാഷകനും മുൻ ഗവ. പ്ലീഡറുമായ നൗഷാദ് തോട്ടത്തിൽ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്.
പ്രതി മുമ്പും പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആഭ്യന്തരവകുപ്പും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സി.ഡബ്ല്യു.സി ചെയർമാന്റെ ഓഫിസിൽ നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്. കൗൺസലിംഗ് നടക്കുന്ന വേളകളിലായിരുന്നു ഇത്. എന്നാൽ, അതിജീവിത ഇവരെ കാണാൻ തയാറായില്ല. ഒത്തുതീർപ്പിനും വഴങ്ങിയില്ല. ഇതോടെ 10 ദിവസത്തിനുശേഷം സി.ഡബ്ല്യു.സി റിപ്പോർട്ട് പൊലീസിന് കൈമാറി. സംഭവം വൻ വിവാദമായതോടെ പ്രതികൾ ഓഫിസിലെത്തിയതും സ്വാധീനിക്കാൻ ശ്രമിച്ചതും പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി രാജീവ് മുഖ്യമന്ത്രിയെ കണ്ടു. ഇതിനുപിന്നാലെ വിഷയം അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വനിത ശിശുവികസനവകുപ്പ് കലക്ടർക്ക് നിർദേശം നൽകി.
തുടർന്ന് അഡ്വ. എൻ. രാജീവിൽ നിന്നടക്കം വിശദീകരണം തേടിയ കലക്ടർ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയതായിരുന്നു അഭിഭാഷകൻ. ഇതിനിടെ കുമ്പഴ, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയും ഒത്താശ ചെയ്തു. അതിജീവിതയുടെ പിതാവിന്‍റെ സഹോദരിയായ ഇവർ അറസ്റ്റിലായിരുന്നു. എന്നാൽ, അഭിഭാഷകനെ അറസ്റ്റ് ചെയ്തിട്ടില്ല. പീഡനവിവരം മനസിലാക്കിയ അതിജീവിതയുടെ പിതാവ് കഴിഞ്ഞ ആഗസ്റ്റ് 29ന് കോന്നി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മാസത്തിനുശേഷം പെൺകുട്ടി തന്നെ സി.ഡബ്ല്യു.സി ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചു പറയുകയായിരുന്നു. പ്രതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി, നിറകണ്ണുകളോടെയല്ലാതെ അതിജീവിതയുടെ മൊഴി വായിക്കാനാവില്ലെന്നാണ് പരാമര്‍ശിച്ചത്. നൗഷാദ് അഭിഭാഷകനെന്ന സ്ഥാനത്തിന് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുന്‍കൂര്‍ ജാമ്യഹരജി തള്ളി. ഇതിനുപിന്നാലെ സുപ്രീംകോടതിയെ സമീപിച്ച നൗഷാദിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഹരജി കോടതിയുടെ പരിഗണനയിലുമാണ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
പത്തനംതിട്ട: ഹൈകോടതി അഭിഭാഷകൻ പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയിൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുണ്ടായത് ഗുരുതര വീഴ്ചയെന്ന് കലക്ടറുടെ റിപ്പോർട്ട്. ഇതുസംബന്ധിച്ച കോൾ റെക്കോർഡും കലക്ടർ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിച്ച പരാതിയിലുള്ള നടപടി അകാരണമായി വൈകിപ്പിച്ചെന്ന് പറയുന്ന റിപ്പോർട്ടിൽ,
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും മുമ്പായി പ്രതിക്കും പ്രതിയുടെ അടുത്ത ബന്ധുവിനും അതിജീവിതയെ കമ്മിറ്റി ഓഫീസിൽ സന്ദർശിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയത് ഗുരുതര നടപടിയാണ്. യഥാസമയം പൊലീസിൽ വിവരം നൽകാത്തതും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് കലക്ടർ കണ്ടെത്തിയ കോൾ റെക്കോർഡുകൾ, വൈകിയ നടപടിക്രമങ്ങൾ എന്നിവ ഈ വിഷയത്തിൽ ചെയർപേഴ്സൺ അഡ്വ. എൻ. രാജീവിന്റെ ഭാഗത്തുനിന്നും പ്രതിക്ക് അനുകൂലമായി ഇടപെടലുകൾ ഉണ്ടായതിന് തെളിവാണെന്ന് സസ്പെൻഷൻ ഉത്തരവിലും പറയുന്നു.
ലൈഗീക അതിക്രമം നേരിട്ട മറ്റൊരു കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് വീഴ്ചകളും സസ്പെൻഷനിലേക്ക് നയിച്ചതായി ഉത്തരവിൽ പറയുന്നു. അതിജീവിതയെക്കുറിച്ചുള്ള സൂചന, വീടിനെ പറ്റിയുള്ള പരാമർശം, ഏത് ജാതി വിഭാഗത്തിൽ പെടുന്നുവെന്നത് സംബന്ധിച്ച സൂചന എന്നിവ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.രാജീവ്.എൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. വിചാരണ സമയത്ത് ഇക്കാര്യം ചെയർമാൻ സമ്മതിച്ചതായി പത്തനംതിട്ട ജില്ല കലക്ടർ റിപ്പോർട്ട് ചെയ്തിട്ടുണെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

