പത്തനംതിട്ട കൂരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹനെ സസ്പെന്റ് ചെയ്തു
text_fieldsകോഴിക്കോട് : പത്തനംതിട്ട കൂരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫിസറുടെ ഉത്തരവാദിത്വമില്ലായ്മ, അശ്രദ്ധ, മേൽനോട്ട വീഴ്ച, മദ്യാസക്തി എന്നിവയാണ് വില്ലേജിൽ നടന്ന, സർക്കാരിനും വകുപ്പിനും അവമതിപ്പുണ്ടായ സംഭവത്തിന് കാരണമെന്നും ഉത്തരവിൽ പറയുന്നു.
കൂരമ്പാല വില്ലേജ് ഓഫിസിലെ കാഷൽ സ്വീപ്പറായ കെ. ജയപ്രകാശ് ലൊക്കേഷൻ സ്കെച്ച് തയാറാക്കി നൽകുന്നതിന് കൊല്ലം ജില്ലയിലെ ആനയടി സ്വദേശിയായ പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകി. ഭൂമി പരിശോധിക്കുന്നതിന് 2025 ഏപ്രിൽ 23ന് ജയപ്രകാശ് പരാതിക്കാരൻറെ വസ്തു നേരിൽ കാണുന്നതിനായി പോയി തിരികെ വരുന്ന വഴി 1500രൂപ മുൻകറായി വാങ്ങി. ലൊക്കേഷൻ സ്കെച്ച് തയാറാക്കി നൽകുന്നതിനായി 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യം ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്നേ ദിവസം നടത്തിയ ട്രാപ്പിൽ വൈകീട്ട് വില്ലേജാഫീസിന്റെ പ്രവേശനകവാടത്തിനോട് ചേർന്നുള്ള വിസിറ്റേഴ്സ‌് റൂമിൽ വച്ച് ലൊക്കേഷൻ സ്കെച്ച് പരാതിക്കാരന് നൽകിയ ശേഷം കൈക്കൂലി പണം വാങ്ങവെ പിടികൂടുകയും ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ട്.
ലൊക്കേഷൻ സ്കെച്ച് വരച്ചത് കാഷ്വൽ സ്വീപ്പറാണെന്നും, അതിൽ രേഖപ്പെടുത്തലുകൾ വരുത്തിയത് വില്ലേജാഫീസിലെ ഫീൽഡ് അസിസ്റ്റന്റാണെന്നും ഒപ്പിട്ടിരിക്കുന്നത് വില്ലേജാഫീസറാണെന്നും എന്നാൽ വില്ലേജാഫീസറോ ഫീൽഡ് അസിസ്റ്റന്റോ സന്ദർശനം നടത്തിയിട്ടില്ലായെന്നും അന്വേഷണത്തിൽ ബോധ്യമായി.
പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ടിനൊപ്പം ലഭിച്ച കിരൺ മോഹന്റെ വിശദീകരണത്തിൽ വിജിലൻസിൽ പരാതി നൽകിയ വാസുദേവൻ ലൊക്കേഷൻ സ്കെച്ചിൻറെ അപേക്ഷയുമായി സമീപിച്ചിട്ടില്ലെന്നും ഒരിക്കലും കണ്ടിട്ടില്ലാത്തതുമാണെന്ന് പറഞ്ഞിരിന്നത്. വില്ലേജ് ജീവനക്കാർ തയാറാക്കി നൽകുന്ന സ്കെച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി ഒപ്പിട്ടുനൽകാറുണ്ടെന്നും അറിയിച്ചിരിക്കുന്നു. ഈ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് റിപ്പോർട്ട്.
വിജിലൻസിൻ്റെ റിപ്പോർട്ട് പ്രകാരം കാഷ്വൽ സ്വീപ്പറായിരുന്ന ജയപ്രകാശ്, ജോലി സമയം കഴിഞ്ഞ് വൈകീട്ട്4.30 ഓടെ ഓഫീസിൽ തിരികെ വന്നപ്പോഴാണ് കൈക്കൂലി കൈപ്പറ്റിയത്. അപ്പോഴാണ് വിജിലൻസ് പിടിയിലായത്. ഇത് തികച്ചും യാദൃശ്ചികമെന്ന് കണക്കാക്കാനാവില്ല. മുൻപും ജയപ്രകാശ് ജോലി സമയം കഴിഞ്ഞ് ഓഫീസിൽ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഓഫീസിൻ്റെ അധികാരിയായ വില്ലേജ് ഓഫീസർ താക്കീതു നല്കിയിരുന്നെവെങ്കിൽ വൈകിയും ഓഫീസിലെത്തുവാൻ കാഷ്യൽ സ്വീപ്പറായ ജയപ്രകാശ് മുതിരുമായിരുന്നില്ല. ഈ വിഷയത്തിൽ വില്ലേജ് ഓഫീസറുടെ ഉദാസീനത തന്നെയാണ് പ്രധാന കാരണം. ജോലിസമയം കഴിഞ്ഞിട്ടും ഓഫീസിൽ അനുമതിയില്ലാതെ തുടരാനും ഓഫീസ് നടപടികളിൽ ഇടപെടാനും കുറ്റകൃത്യത്തിൽ ഏർപ്പെടുവാനും കാഷ്വൽ സ്വീപ്പർക്ക് ധൈര്യം നൽകിയത് വില്ലേജ് ഓഫിസറാണ്.
രജിസ്റ്റർ പ്രകാരം വില്ലേജ് ഓഫീസറുടെ കൈയിൽ അധികമായി ഉണ്ടായിരുന്ന 1000 രൂപക്ക് കൃത്യമായ മറുപടി നൽകാനാകാനായില്ല. അതിനാൽ വിജിലൻസ് സംഘം തുക കണ്ടുകെട്ടി. വിശദീകരണത്തിൽ ഈ തുകയെ സംബന്ധിച്ച് വില്ലേജ് ഓഫിസർ മൗനം പാലിക്കുയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

