പത്തനംതിട്ട കൂട്ടബലാത്സംഗം: ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ നല്‍കണം- കൊടിക്കുന്നില്‍ സുരേഷ്
text_fieldsതിരുവനനന്തപുരം: പത്തനംതിട്ട കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി. അറുപതില്‍ പുറത്ത് പ്രതികളാണ് ഈ കേസിലുള്ളത്. പ്രതികളില്‍ പലര്‍ക്കും പലതരത്തിലുള്ള സ്വാധീനമുള്ളവരാണ്.
ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പ്രതികളുടെ ഭാഗത്ത് നിന്നുണ്ടാകും. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുള്ള നടപടിയുണ്ടാകണം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയില്‍ കുറ്റമറ്റ അന്വേഷണം പത്തനംതിട്ട പീഡന കേസിലുണ്ടാകണം. നിഷ്പക്ഷമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ട്.
ഒരു പ്രതിയും രക്ഷപെടരുത്. ആവശ്യമെങ്കില്‍ കുടുംബത്തിന്റെയും ഇരയുടെയും അഭിപ്രായം തേടി അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ വെച്ച് പോലും ഈ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ചു.
ജനറല്‍ ആശുപത്രിയില്‍ ഈ പെണ്‍കുട്ടിക്ക് ലൈംഗിക അതിക്രമം ഉണ്ടായതില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. സത്രീകള്‍ക്കെതിരായ ലൈംഗികഅതിക്രമം നടക്കുന്ന ഇടമായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നത് ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പരിഹസിച്ചു.
കേരളത്തില്‍ ഇതിന് മുന്‍പ് നടന്ന ദളിത് പീഡനകേസുകളില്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകളുണ്ടാക്കിയതാണ് പോലീസ് അന്വേഷണത്തിന്റെ ചരിത്രം. വാളയാര്‍,വണ്ടിപ്പെരിയാര്‍ കേസുകളില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും നടപടികള്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി ഇന്നുവരെ നിലനിന്നിട്ടില്ല. അട്ടപ്പാടി മധുവിന്റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടിയില്ല. പകരം സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കി വിചാരണ അനന്തമായി നീട്ടി കൊണ്ടുപോകുകയാണ്.
ഉന്നാവോയിലേതും ഹത്രാസിലേതും പോലെ ഉത്തരേന്ത്യയിലേതിന് സമാനമായ രീതിയിലാണ് കേരളത്തില്‍ സ്ത്രീ പീഡനം നടക്കുന്നത്. പത്തനംതിട്ട സംഭവം അതിന് ഉദാഹരണമാണ് . കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണിത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കുകയാണ്.
ഇത്തരം കേസുകളില്‍ പൊലീസ് പുലര്‍ത്തുന്ന അലംഭാവവും അതിന് ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമാണ് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

