പി.പി.ദിവ്യ: പത്തനംതിട്ട ഘടകം അതിരുവിട്ടെന്ന് വിമർശനം
text_fieldsതളിപ്പറമ്പ്: മുൻ എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദവേളയിൽ സി.പി.എം പത്തനംതിട്ട ഘടകം അതിരുവിട്ടതായി വിമർശനം. മന്ത്രി വീണാജോർജും ജില്ല സെക്രട്ടറിയായിരുന്ന കെ.പി. ഉദയഭാനുവും നടത്തിയ പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.
കണ്ണൂർ ഘടകത്തിന്റെ അതൃപ്തി സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടതായും അക്കാര്യം പത്തനംതിട്ട ഘടകത്തെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. തുടർന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി നിലപാട് തിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. എ.ഡി.എമ്മിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കേസ് എടുത്തയുടൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. 11 ദിവസം ജയിൽവാസവും അനുഭവിച്ചു. ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. എന്നിട്ടും കണ്ണൂർ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പത്തനംതിട്ടയിലെ ഉത്തരവാദപ്പെട്ടവർ തുടർച്ചയായി പ്രതികരിച്ചത്. ദിവ്യ വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയെന്ന നിലക്ക് പ്രചാരണമുണ്ടായതായും പ്രതിനിധികൾ വിമർശിച്ചു. പൊതുചർച്ചയിൽ പി.പി. ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികൾ നടത്തിയ പരാമർശത്തിനും മുഖ്യമന്ത്രി തന്നെയാണ് മറുപടി നൽകിയത്.
അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണമെന്നും പാര്ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് ദിവ്യ നടത്തിയതെന്നും പിണറായി പറഞ്ഞു. നടപടിയെടുത്താലും നമ്മൾ സഖാവായി ജീവിക്കണം. അച്ചടക്ക നടപടി തെറ്റുതിരുത്തൽ പ്രക്രിയയാണെന്നും തെറ്റുതിരുത്തി തിരിച്ചുവരാമെന്നും അദ്ദേഹം മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.