മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം
text_fieldsകോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിനെയാണ് (27) ശിക്ഷിച്ചത്.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്നു മാസം കഠിനതടവും ശിക്ഷയും പ്രതിക്ക് വധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി. മോഹനകൃഷ്ണൻ വിധിയിൽ വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് വീട്ടില്‍ അജേഷ് ജോസഫ് (41) നെ കൊലപ്പെടുത്തിയ കേസിലാണ് യുവാവിനെ ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട അജേഷ് മുണ്ടത്താനം എബനേസര്‍ ചര്‍ച്ചിലെ പാസ്റ്ററും മേസ്തിരിപ്പണിക്കാരനുമായിരുന്നു. ജോബിന്റെ മദ്യപാനത്തിനും ദുര്‍നടപ്പിനുമെതിരേ വഴിയിലും മറ്റും കാണുമ്പോഴെല്ലാം പാസ്റ്ററായ അജേഷ് ഉപദേശിച്ചിരുന്നു. ഇത് പ്രതിയെ ചൊടിപ്പിച്ചു.
കൊലപാതകം നടന്ന ദിവസം രാവിലെ വഴിയില്‍വച്ച് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. അന്ന് രാത്രി ഇത് ചോദിക്കാനായി ജോബിന്‍ അജേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീണ്ടും ഇവർ തമ്മില്‍ തർക്കമുണ്ടാകുകയും ചെയ്തു. വാക്കേറ്റത്തിനിടെ നിലത്തുവീണ ജോബിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഭാര്യയുടെ മുന്നില്‍വച്ച് ജോബിന്‍ കത്തിക്ക് കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാസ്റ്റർ ചികിത്സയിലിരിക്കെ മരിച്ചു.
കേസിൽ ഒന്നാം സാക്ഷിയായ പാസ്റ്ററുടെ ഭാര്യയെയും മറ്റ് 19 സാക്ഷികളെയും കോടതി വിസ്തരിച്ചു. 26 പ്രമാണങ്ങളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കാഞ്ഞിരപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍. ബിജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

