കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും
text_fieldsജോസ് പ്രകാശ്
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷല്‍ കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനെയാണ് (51) ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്.
2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വെച്ചാണ് ഇയാള്‍ കുടുംബത്തെ പരിചയപ്പെടുന്നത്. കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും ഇതിന് പ്രാര്‍ഥന ആവശ്യമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
പ്രാര്‍ഥനക്കായി ഇവർ താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കുട്ടികളെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാർഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ടുപോയി 13കാരിയായ കുട്ടിയെ ബലാത്സംഗം ചെയ്തു. മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്‍റെ വീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ഇന്ത്യന്‍ ശിക്ഷനിയമം 376 (2) എന്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതിന് ജീവിതാന്ത്യം വരെ തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവ്, 12 വയസ്സുകാരനെ മാനഭംഗപ്പെടുത്തിയതിന് പോക്‌സോ ആക്ടിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവ്, 75,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പ്രതി പിഴയടക്കുന്ന പക്ഷം രണ്ടു ലക്ഷം രൂപ പെണ്‍കുട്ടിക്കും 50,000 രൂപ ആണ്‍കുട്ടിക്കും നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജറായ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ കോടതിയിൽ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജറാക്കി. ഡബ്ല്യു.സി.പി.ഒ എന്‍. സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസി. ലെയ്‌സന്‍ ഓഫിസര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

