പിഴ: പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: അപേക്ഷയിൽ യഥാർഥ വിവരങ്ങൾ മറച്ചുവെക്കുക, വ്യാജരേഖ സമർപ്പിക്കുക തുടങ്ങിയ കുറ്റങ്ങളിൽ പിഴ ചുമത്താൻ പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈകോടതി.
സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിെൻറ വിധി.
അപേക്ഷകളിൽ തട്ടിപ്പുണ്ടെന്ന് കണ്ടെത്തിയാൽ പാസ്പോർട്ട് അതോറിറ്റി നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ തടവും പിഴയും വിധിക്കാനുള്ള അധികാരം ക്രിമിനൽ നടപടി ചട്ടപ്രകാരം കോടതിക്കാണ്.
1967ലെ പാസ്പോർട്ട് നിയമത്തിൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ, തട്ടിപ്പ് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കാനും പാസ്പോർട്ട് തടഞ്ഞുവെക്കാനും റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പിഴ ചുമത്താൻ അതോറിറ്റിക്ക് അധികാരം ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതുവരെ ചുമത്തിയ പിഴ തിരിച്ചുനൽകണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.
