സുവിനെ ദുരന്തഭൂമിയിലെത്തിച്ചത് വെടിക്കെട്ട് സാമഗ്രി നിർമാണത്തോടുള്ള കമ്പം
text_fieldsമുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ച സുവിന്റെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽനിന്ന്
എരുമപ്പെട്ടി: മുട്ടിക്കലിലെ വർക്ക് ഷോപ്പിൽ ഓട്ടോ പെയിന്റിങ് തൊഴിലാളിയായ സുവിൻ വെടിക്കെട്ട് സാമഗ്രി നിർമാണ ജോലിയോടുള്ള കമ്പം കാരണമാണ് മുണ്ടത്തികോട് വെടിക്കെട്ട് നിർമാണശാലയിലെത്തിയത്. പ്രമുഖ പൂരങ്ങളുടെ വെടിക്കോപ്പ് നിർമാണ ജോലികളിലാണ് സുവിൻ പങ്കാളിയാവാറുള്ളത്. തൃശൂർ പൂരം വെടിക്കോപ്പ് നിർമാണ ജോലികളിൽ കുണ്ടന്നൂരിലെ സുഹൃത്തുക്കൾക്കൊപ്പം എല്ലാവർഷവും പങ്കെടുക്കാറുണ്ട്. ഈ വർഷത്തെ ആദ്യ വെടിക്കോപ്പ് നിർമാണ ജോലികൾക്കായി ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുകാരോട് യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അത് മരണത്തിലേക്കാകുമെന്ന് കരുതിയില്ല. പക്ഷേ, വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന തൊഴിലാളികളുടെ ഗ്രാമമായ കുണ്ടന്നൂരിനെ കണ്ണീരിലാഴ്ത്തി സുവിൻ ദുരന്തത്തിന് ഇരയായി.
മുണ്ടത്തിക്കോട്ടെ ദുരന്തമറിഞ്ഞ സമയം മുതൽ വീട്ടുകാരും നാട്ടുകാരും ആശങ്കയിലും മനമുരുകിയുള്ള പ്രാർഥനയിലുമായിരുന്നു. എല്ലാവരുടെയും പ്രാർഥനകളെ വിഫലമാക്കി ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുവിന്റെ ചലനമറ്റ പാതി മൃതദേഹമാണ് വീട്ടിലെത്തിയത്. ശരീരത്തിന്റെ അരക്കുതാഴെ സ്ഫോടനത്തിൽ തകർന്നു. ബുധനാഴ്ച രാവിലെ 11ന് വീട്ടിൽ ചടങ്ങുകൾക്കുശേഷം ചെറുതുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. കുണ്ടന്നൂർ മുതുകാട്ടിൽ വീട്ടിൽ വിജയൻ- സുലോചന ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജു. മകൻ: നിരഞ്ജൻ. സഹോദരി: സുമ. കുന്നംകുളത്തെ സ്ഥാനാർഥികളായ എ.സി. മൊയ്തീൻ എം.എൽ.എയും പി.ടി. അജയ് മോഹനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

