4.20ന്റെ ട്രെയിൻ പോയാൽ പിന്നെ കാത്തിരിപ്പ് മൂന്നര മണിക്കൂർ; പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാർ, പ്രതിഷേധം ഡി.ആർ.എം ഓഫിസിലേക്ക്
text_fieldsകോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന സമരങ്ങളുടെ തുടർച്ചയായി പാലക്കാട് ഡിവിഷണൽ റെയില്‍വേ മാനേജർ ഓഫിസിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഷൊര്‍ണൂരില്‍നിന്ന് വൈകീട്ട് 4.20നുള്ള ട്രെയിൻ പോയാൽ നീണ്ട മൂന്നര മണിക്കൂര്‍ നേരം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ല. ഇതുമൂലം നൂറു കണക്കിന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനുവരി 15ന് പാലക്കാട് ഡിആർഎം ഓഫിസിലേക്ക് തുടർ പ്രതിഷേധം വ്യാപിപ്പിക്കുന്നത്.
ഈ പാസഞ്ചറുകൾ വീണ്ടും ഓടണം
ഷൊര്‍ണൂരില്‍നിന്ന് വൈകീട്ട് 5.45നും 6.45നും കോഴിക്കോട്ടേക്ക് ഉണ്ടായിരുന്ന 06455, 56663 രണ്ട് പാസഞ്ചർ ട്രെയിനുകൾ, കോഴിക്കോട് നിന്ന് രാവിലെ 7.45ന് ഉണ്ടായിരുന്ന 56664 തൃശൂർ പാസഞ്ചർ എന്നിവ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ ഭാരവാഹികൾ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറെയും ഡിവിഷണൽ റെയില്‍വേ മാനേജറെയും നേരത്തെ നേരിൽ കണ്ട് നിവേദനം നല്‍കിയിരുന്നു.
മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മന്ത്രിമാരെയും എം.പിമാരെയും നിരവധി തവണ കണ്ടിട്ടും യാത്രപ്രയാസങ്ങൾ പരിഹരിക്കാൻ റെയിൽവേ ഇതുവരെ തയ്യാറായിട്ടില്ല. വൈകീട്ട് 3.40ന് പുറപ്പെട്ടിരുന്ന ഷൊർണൂർ കണ്ണൂർ പാസഞ്ചർ (06031)ട്രെയിൻ ആരും ആവശ്യപ്പെടാതെ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം മാറ്റിയ നടപടി പിന്‍വലിച്ച് വൈകീട്ട് 3.40 നോ നാല് മണിക്കോ ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടണമെന്ന ആവശ്യത്തിലും നടപടിയുണ്ടായില്ല.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ മുന്നൊരുക്കയോഗത്തിൽ കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. എം. ഫിറോസ് ഫിസ കോഴിക്കോട്, അബ്ദുറഹ്‌മാൻ വള്ളിക്കുന്ന്, കെ.കെ. റസാഖ് ഹാജി തിരൂർ, രാമനാഥൻ വേങ്ങേരി, അഷ്റഫ് അരിയല്ലൂർ, രതീഷ് ചെറുവറ്റ, സുജ മഞ്ഞോളി, സുധിന സിയാസ്, എ പ്രമോദ് കുമാര്‍ പന്നിയങ്കര, പി. സത്യൻ ചേവായൂർ, വിജയൻ കുണ്ടൂപ്പറമ്പ്, ഗിരീഷ് ഫറോക്ക്, രാമകൃഷ്ണന്‍ തിരൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

