ഗണേഷ് കുമാറിനെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ
text_fieldsതമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ്സുകൾ പുറത്തേക്കിറങ്ങി വരുന്ന ഭാഗത്ത് സമരക്കാർ ബസ് കുറുകെയിട്ട് തടഞ്ഞപ്പോൾ
തിരുവനന്തപുരം: പണിമുടക്ക് ദിവസം കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാക്ക് വിശ്വസിച്ച് യാത്രക്കെത്തിയ പലരും വിവിധയിടങ്ങളിൽ കുടുങ്ങി. തിരുവനന്തപുരത്തും മറ്റിടങ്ങളിലും യാത്രക്കാർ മാധ്യമപ്രവർത്തകരോട് തങ്ങളുടെ രോഷം പങ്കുവെച്ചു.
മന്ത്രി ഗണേഷ് സാറ് പറഞ്ഞിരുന്നു, ബസ് വിടുമെന്ന്. അത് പ്രതീക്ഷിച്ചാണ് വന്നത്... -കിളിമാനൂരിലേക്ക് പോകാനെത്തിയ യാത്രക്കാരൻ മാധ്യമപ്രവർത്തകനോട് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഉണ്ടാകുമെന്ന് പറഞ്ഞത് കേട്ടാണ് വന്നത്, ഇവിടെ എത്തിയപ്പോൾ ബസ് എടുക്കുന്നില്ലാ എന്നാണ് പറയുന്നതെന്ന് ഒരു യാത്രക്കാരി പറഞ്ഞു.
ഇന്നലെ രാത്രി ഗണേഷ് കുമാറ് പറഞ്ഞില്ലായിരുന്നോ കെ.എസ്.ആർ.ടി.സി വിടുമെന്ന്. മന്ത്രി പറയുന്നത് യൂനിയൻകാര് കേൾക്കൂലെങ്കിൽ ആ പണി നിർത്തി പോകുന്നതാണ് നല്ലത്. രണ്ടു മണിക്കൂറായി ആഹാരം പോലും കഴിക്കാതെ ഇവിടെ ഇരിക്കുന്നു... -മറ്റൊരു യാത്രക്കാരൻ രോഷത്തോടെ പറഞ്ഞു.
കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാർ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം സർവിസുകൾ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകൾ സർവിസ് നടത്തി.
കൊല്ലത്ത് സർവിസ് നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുയർന്നു. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്ടർ ശ്രീകാന്ത് പറഞ്ഞു.
അഖിലേന്ത്യ പണിമുടക്കില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നുമാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നത്. ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാടിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രംഗത്തുവന്നിരുന്നു. തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും ബേബി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

