വന്ദേഭാരതിലെ ശൗചാലയം പൂട്ടി യുവാവ്; മണിക്കൂറുകൾ നീണ്ട ആശങ്ക
text_fieldsഷൊർണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ ശൗചാലയത്തിൽ വാതിലടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. മഹാരാഷ്ട്ര ഛത്രപതി സ്വദേശി ചരൺ (26) എന്ന വിലാസമാണ് യുവാവ് റെയിൽവേ പൊലീസിന് നൽകിയിരിക്കുന്നത്.
ഇയാളെ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റി. മനഃപൂർവം വാതിൽ അടച്ചിരിക്കുകയായിരുന്നെന്നും ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നുമാണ് വിവരം.
ഞായറാഴ്ച ഉച്ചക്ക് ട്രെയിൻ കാസർകോട്ടുനിന്ന് പുറപ്പെട്ടപ്പോൾ ശൗചാലയത്തിൽ കയറിയ യുവാവ് വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തില്ല. തുടർന്ന് കണ്ണൂരിലും കോഴിക്കോട്ടും അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ യാത്രക്കാർ ആർ.പി.എഫിനെ അറിയിക്കുകയായിരുന്നു.
റെയിൽേവ പൊലീസും ആർ.പി.എഫും എത്തി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കോഴിക്കോട്ടെത്തിയപ്പോഴും ശ്രമം വിജയിച്ചില്ല. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ വിദഗ്ധരായ കൂടുതൽ ജീവനക്കാർ പാലക്കാട്ടുനിന്ന് എത്തിയിരുന്നു. വാതിൽ അകത്തുനിന്ന് കയർ ഇട്ട് കെട്ടിയതിനാൽ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. വാതിൽ തുറന്നതോടെ പരിഭ്രമം കാണിച്ച യുവാവിനെ അനുനയിപ്പിച്ചാണ് പുറത്തിറക്കിയത്. ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാനിടയായ സാഹചര്യം വ്യക്തമല്ല. ട്രെയിനിൽ ഓടിക്കയറിയതാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

