പാർട്ടിപ്പണിക്ക് പണിമുടക്കില്ല; സമ്മേളന ജോലികൾ മുടക്കമില്ലാതെ നടന്നു
text_fields(പ്രതീകാത്മക ചിത്രം)
കണ്ണൂർ: നാടും നഗരവും ദേശീയ പണിമുടക്കിൽ സ്തംഭിച്ചപ്പോൾ സി.പി.എം പാർട്ടി കോൺഗ്രസ് ഒരുക്കങ്ങളെ ഒട്ടും ബാധിച്ചില്ല. പാർട്ടി കോൺഗ്രസ് വേദികളുടെ നിർമാണ പ്രവൃത്തികൾ മുടക്കമില്ലാതെ നടന്നു. ഏപ്രിൽ ആദ്യവാരം നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പ്രധാനവേദി കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാദമിയാണ്. അനുബന്ധപരിപാടികളായ സെമിനാറും മറ്റും കണ്ണൂർ ടൗൺ സ്ക്വയറിലാണ് നടക്കുന്നത്.
നായനാർ അക്കാദമിയുടെ വിശാലമായ മുറ്റത്ത് ഉദ്ഘാടന- പ്രതിനിധി സമ്മേളനത്തിനായി ഒരുക്കുന്ന കൂറ്റൻ ഹാളിന്റെയും മറ്റും നിർമാണ ജോലികൾ കുറച്ചുദിവസമായി തകൃതിയായി പുരോഗമിക്കുകയാണ്. ടൗൺ സ്ക്വയർ അടച്ചുകെട്ടി ഒരുക്കുന്ന വേദിയുടെ നിർമാണവും പുരോഗമിക്കുകയാണ്. പന്തൽ കരാർ കമ്പനിക്ക് കീഴിലെ നൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പണിമുടക്ക് ദിനത്തിലും ഇവർ പതിവുപോലെ രാവിലെ മുതൽ ജോലി തുടർന്നു. ഇത് വാർത്തയായതോടെ ടൗൺസ്ക്വയറിലെ തൊഴിലാളികൾ ഉച്ചയോടെ ജോലി അവസാനിപ്പിച്ച് മടങ്ങിയെങ്കിലും നായനാർ അക്കാദമിയിൽ ഹാൾ നിർമാണം വൈകുന്നേരവും തുടർന്നു.
പണിമുടക്ക് ദിനത്തിലെ പണി കാമറയിൽ പകർത്തുന്നത് തടയാൻ നായനാർ അക്കാദമിയുടെ ഗേറ്റ് പൂട്ടിയിട്ടായിരുന്നു ഉച്ചക്ക് ശേഷമുള്ള ജോലികൾ. പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പാർട്ടിയുടെ ജോലികൾക്ക് പണിമുടക്ക് ബാധകമായില്ലെന്ന വൈരുധ്യം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. തൊഴിലാളികൾ അവിടെത്തന്നെ താമസിക്കുകയാണെന്നും അടിയന്തരമായി നടക്കേണ്ട ചെറിയ ജോലികൾ മാത്രമാണ് നടന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

