നിലമ്പൂരിൽ വീണ്ടും വീണ് പാർട്ടി ചിഹ്നം; ഒരു ഇടതു സ്ഥാനാർഥിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ടുശതമാനം
text_fieldsമലപ്പുറം: പാർട്ടിചിഹ്നത്തിൽ മണ്ഡലത്തിൽ ഒരു ഇടതു സ്ഥാനാർഥിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശതമാനം വോട്ടാണ് ഇത്തവണ നിലമ്പൂരിൽ എം. സ്വരാജിന് ലഭിച്ചത്-37.88 ശതമാനം. 2006ൽ പി. ശ്രീരാമകൃഷ്ണനാണ് നിലമ്പൂരിൽ ഒടുവിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. 42.7 ശതമാനം വോട്ടാണ് അന്ന് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ പതിഞ്ഞത്- അന്ന് ആര്യാടൻ മുഹമ്മദ് നേടിയതാവട്ടെ 11.10 ശതമാനം അധിക വോട്ട്. എന്നിട്ടും ഇപ്പോൾ എം. സ്വരാജ് നേടിയ വോട്ടിനേക്കൾ പി. ശ്രീരാമകൃഷ്ണൻ നേടിയിരുന്നു -69,452 വോട്ട്.
1987ലാണ് അതിനുമുമ്പ് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. അന്ന് ലഭിച്ചത് 41.07 ശതമാനം വോട്ട്. വിജയിയായ ആര്യാടൻ മുഹമ്മദിന് 9.47 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം. 1977ൽ പാർട്ടി ചിഹ്നത്തിൽ 42.91 വോട്ട് ലഭിച്ചു. 1967ൽ നിലമ്പൂരിൽ സഖാവ് കുഞ്ഞാലി നേടിയ 62.04 ശതമാനം വോട്ടാണ് പാർട്ടിചിഹ്നത്തിൽ നിലമ്പൂർ നൽകിയ ഏറ്റവും ഉയർന്ന വോട്ട്.
അന്ന് ആര്യാടൻ മുഹമ്മദുമായുള്ള കുഞ്ഞാലിയുടെ വോട്ടുവ്യത്യാസം 24.09 ശതമാനം ആയിരുന്നു. സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച കുഞ്ഞാലിക്ക് അന്ന് കരുത്തായത് മുസ്ലിം ലീഗ് വോട്ടാണ്. 1982ൽ ടി.കെ. ഹംസ മത്സരിച്ചപ്പോൾ ലഭിച്ച 49.54 ശതമാനം വോട്ടാണ് നിലമ്പൂരിൽ സ്വതന്ത്ര പരീക്ഷണത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന വോട്ട് ശതമാനം. പി.വി. അൻവറിന് 2016ൽ 47.91 ശതമാനവും 2021ൽ 46.9 ശതമാനം വോട്ടുമാണ് ലഭിച്ചത്.
അൻവറിൽനിന്നുള്ള ‘ദുരനുഭവ’ത്തിനുശേഷം ‘സ്വതന്ത്ര പരീക്ഷണം’ കരുതലോടെ വേണമെന്ന പൊതുവികാരം പാർട്ടിയിലുണ്ടായിരുന്നുവെങ്കിലും നിലമ്പൂരിൽ സ്വതന്ത്രരെ കണ്ടെത്താൻ സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ അവസാന നാൾ വരെ സി.പി.എം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതായതോടെയാണ് പാർട്ടി ചിഹ്നത്തിൽ ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാർഥി എന്ന നിലക്ക് സ്വരാജ് എത്തിയത്. സ്വരാജിന്റെ സ്ഥാനാർഥിത്വം സി.പി.എം കേന്ദ്രങ്ങളിൽ വലിയ ആരവമാണ് ആദ്യഘട്ടങ്ങളിലുണ്ടാക്കിയത്. എന്നാൽ, തുടക്കത്തിലെ ഓളം നിലനിർത്താൻ എൽ.ഡി.എഫ് ക്യാമ്പിനായില്ല. നിലമ്പൂരിൽ പാർട്ടിചിഹ്നത്തിൽ വീണ്ടും നടത്തിയ പരീക്ഷണം പരാജയപ്പെട്ടതോടെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരെതന്നെ പരീക്ഷിക്കാൻ സി.പി.എം നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

