പങ്കാളിത്ത പെൻഷൻ: ആദ്യ ബാച്ചുകാർക്ക് ലഭിക്കുന്നത് 2,750 രൂപ; ചിലർക്ക് പൂജ്യം
text_fieldsതിരുവനന്തപുരം: സർക്കാർ സർവിസിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കി 12 വർഷം പിന്നിടുമ്പോൾ വിരമിച്ച ആദ്യ ബാച്ച് ജീവനക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധി. പദ്ധതിയിൽ അംഗങ്ങളായി വിരമിച്ചവർ വാങ്ങുന്ന ഏറ്റവും ഉയർന്ന പെൻഷൻ തുക 2,750 രൂപയാണ്. വിഹിതം കുറഞ്ഞതിന്റെ പേരിൽ പെൻഷനേ കിട്ടാത്തവരുമുണ്ട്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. 2016 മുതലാണ് ഇതിൽ ഉൾപ്പെട്ടവരുടെ വിരമിക്കൽ തുടങ്ങിയത്. നിലവിൽ ഏതാണ്ട് 3,000ത്തോളം പേരാണ് വിരമിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ട ശേഷം പിന്നീട് സ്ഥിരപ്പെട്ടവർ, സൈനിക സേവന ശേഷം പി.എസ്.സി വഴി നിയമിതരായവർ എന്നിവരാണ് ഇക്കൂട്ടത്തിൽ ഏറെയും.
പെൻഷൻ കുറയാൻ കാരണം
അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം ജീവനക്കാരനും 10 ശതമാനം സർക്കാറും പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കും വിധമാണ് പങ്കാളിത്ത സ്കീമിന്റെ ക്രമീകരണം.
ഓഹരി വിപണിയിലും ക്കും മറ്റുമായി വിനിയോഗിക്കുന്ന ഈ തുക ജീവനക്കാരന്റെ വിരമിക്കൽ സമയത്ത് പിൻവലിക്കാമെന്നാണ് വ്യവസ്ഥ. അതിനും നിബന്ധനയുണ്ട്. സംയുക്ത ഫണ്ടിൽ ആകെയുള്ള തുക അഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഇതിന്റെ 60 ശതമാനം ജീവനക്കാരന് പിൻവലിക്കാം. ശേഷിക്കുന്ന 40 ശതമാനം സർക്കാർ തന്നെ എൽ.ഐ.സി, എസ്.ബി.ഐ ലൈഫ് പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപിക്കും. ഒരു ലക്ഷം രൂപക്ക് 500 രൂപ എന്ന നിരക്കിൽ നിക്ഷേപിച്ച തുകക്ക് ആനുപാതികമായി ഇവരാണ് പ്രതിമാസം പെൻഷൻ നൽകുക.
ഫലത്തിൽ പിൻവലിച്ച 60 ശതമാനം കഴിഞ്ഞ ശേഷം അവശേഷിക്കുന്ന തുക അടിസ്ഥാനത്തിലാണ് പെൻഷൻ. അതാണ് സർവിസ് കുറഞ്ഞ ആദ്യ ബാച്ചുകാർക്ക് 2,750 ഉം 2,500 ഉം ആയി തുക പരിമിതപ്പെടാൻ കാരണം. ഇനി വിരമിക്കുന്ന ഘട്ടത്തിൽ സംയുക്ത ഫണ്ടിൽ ആകെയുള്ളത് അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ മുഴുവൻ തുകയും പെൻഷൻകാരന് നൽകും.
പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ ഒന്നുമില്ലാത്തതാണ് ഇത്തരക്കാർക്ക് പെൻഷനേയില്ലാതാകാൻ കാരണം. രേഖകളിൽ സർക്കാർ ജീവനക്കാരനായതിനാൽ ഇവർക്ക് സാമൂഹികക്ഷേമ പെൻഷനും അർഹതയില്ല.
മെഡിസെപ്പിലും ഇരട്ട നീതി
പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് വിരമിച്ചവരോട് മെഡിസെപ്പിലും വിവേചനമുണ്ട്. പഴയ പെൻഷൻ സ്കീമിലുള്ളവരുടെ കാര്യത്തിൽ അവരുടെ പ്രതിമാസ പെൻഷനിൽനിന്ന് ഇൻഷുറൻസ് പ്രീമിയം വിഹിതം ഈടാക്കുന്നതാണ് രീതി. എന്നാൽ, പങ്കാളിത്ത സ്കീമിലുള്ളവർക്ക് സർക്കാർ പെൻഷൻ ഇല്ലാത്തതിനാൽ മറ്റൊരു രീതിയാണ് അവലംബിക്കുന്നത്.
പുതിയ മെഡിസെപ് ഇൻഷുറൻസ് കരാർ രണ്ട് വർഷത്തേക്കാണ്. വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് ഇതിൽ ചേരണമെങ്കിൽ രണ്ട് വർഷത്തെയും പ്രീമിയം ഒന്നിച്ച് അടക്കണം. രണ്ട് വർഷ മെഡിസെപ് കാലയളവിൽ ഒരു വർഷം പിന്നിട്ട ശേഷമാണ് വിരമിക്കലെങ്കിൽ ശേഷിക്കുന്ന ഒരുവർഷത്തെ പ്രീമിയം ഒന്നിച്ച് അടച്ചാലേ ഇൻഷുറൻസ് പദ്ധതിയിൽ തുടരാനാകൂ. സർക്കാറിന് പങ്കാളിത്ത പെൻഷൻകാരുടെ കാര്യത്തിൽ ബാധ്യതയില്ലാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

