ജയിൽ മേധാവിയുടെ തന്നിഷ്ട പ്രകാരമുള്ള പരോളിന് ‘വിലങ്ങ് ’
text_fieldsബൽറാംകുമാർ ഉപാധ്യായ
തിരുവനന്തപുരം: പ്രബേഷൻ ഒാഫിസറുടെയും പൊലീസിന്റെയും റിപ്പോർട്ട് എതിരായാലും തന്നിഷ്ട പ്രകാരം പരോൾ അനുവദിച്ചിരുന്ന മുൻ ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായക്ക് ആഭ്യന്തരവകുപ്പിന്റെ ‘വിലങ്ങ്’. ജയിൽ ഉപദേശകസമിതിയുടെ അനുമതിയോടെ മാത്രമേ പരോൾ അനുവദിക്കാവൂവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്കും വിസ്മയ കേസ് പ്രതിക്കും ഉൾപ്പെടെ പരോൾ അനുവദിച്ചത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതുസംബന്ധിച്ച് നിരവധി പരാതിയും ലഭിച്ചു. ഇതോടെയാണ് ജയിൽ മേധാവിക്ക് പരോൾ അനുവദിക്കുന്നതിൽ സവിശേഷ അധികാരമുണ്ടോ എന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
പൊലീസ് റിപ്പോർട്ട് അനുകൂലമായാൽ ശിക്ഷ കാലയളവിന്റെ മൂന്നിലൊന്ന് പൂർത്തിയായ തടവുകാരന് പരോളിന് അർഹതയുണ്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് എതിരായ സംഭവങ്ങളിലും മുൻജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം100ലധികം പേർക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജയിൽ ചട്ടം അനുശാസിക്കുന്നില്ലെങ്കിലും തനിക്ക് അധികാരമുണ്ടെന്നായിരുന്നു വിശദീകരണം. ആനാവൂർ നാരായണൻ വധക്കേസിലെ പ്രതിയായ ബി.എം.എസ് നേതാവ് രാജേഷിന് പരോൾ അനുവദിച്ചതാണ് വിവാദമായ മറ്റൊരു സംഭവം.
ആദ്യ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ നൽകരുത്. വീണ്ടും പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ അപേക്ഷ ജയിൽ ഉപദേശക സമിതിയുടെ പരിഗണനക്ക് വിടണം, മൂന്നിൽ കൂടുതൽ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ കലക്ടർ അധ്യക്ഷനായ പുനഃപരിശോധന കമ്മിറ്റിക്ക് വിടണം. കമ്മിറ്റികളുടെ തീരുമാനം അനുസരിച്ച് മാത്രം ജയിൽ മേധാവി തീരുമാനം എടുത്താൽ മതിയെന്നാണ് സർക്കാറിന്റെ ഇപ്പോഴത്തെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

