മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ: പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി, പൊലീസ് പ്രകോപനപരമായി ഇടപ്പെട്ടു
text_fieldsകൊച്ചി: മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി രംഗത്ത്. പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിൽ മനുഷ്യത്വപരമായാണ് പൊലീസ് ഇടപെടേണ്ടിയിരുന്നതെന്നും മനുഷ്യത്വ സമീപനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, വിഷയത്തിൽ പൊലീസ് പ്രകോപനപരമായാണ് ഇടപെട്ടതെന്ന് മന്ത്രി വിമർശിച്ചു. വിഷയം ആളിക്കത്തിക്കുന്നതിന് പകരം കുടുംബങ്ങൾക്ക് ആശ്വാസം എത്തിക്കണമെന്നും കെ.എ. തുളസി കൂട്ടിചേർത്തു.
എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പൊലീസ് നടപടി ആരംഭിച്ചിരുന്നു. ഇതും ചേർത്ത് 15ാം തവണയാണ് കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ, പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായില്ല. കുടിയൊഴിപ്പിക്കലിന് എത്തിയ പൊലീസുകാരെയും ഉദ്യോഗസ്ഥരേയും പ്രദേശവാസികൾ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കിയടക്കമുള്ളവ പ്രദേശവാസികൾക്ക് നേരെ പ്രയോഗിക്കുന്ന സ്ഥിതി ഉണ്ടായി.
അതേസമയം, കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച നടത്തും. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം. ജോൺ, വി.പി. സജീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ഉന്നതിയിലുള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും. കലക്ടറേറ്റിൽ രാത്രി എട്ടിനാണ് ചർച്ച നടക്കുക. നാളെ വൈകിട്ടോടെ മലയിടംതുരുത്തിൽ താമസിക്കുന്ന കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമീഷൻ പൊലീസുമായി എത്താനാണ് സാധ്യത. കുടുംബങ്ങളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയത്.
പുതിയ സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയുള്ള വെല്ലുവിളിയാണ് കുന്നത്ത്നാട് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്നം എങ്ങനെ രമ്യമായി പരിഹരിക്കുമെന്നത്. കോടതിയിൽ സാവകാശം തേടാനും സാധ്യതയുണ്ട്. അതിനിടെ പ്രദേശത്ത് സമരം കടുപ്പിക്കുകയാണ് സി.പി.എം. രണ്ടേക്കർ 65 സെന്റ് ഭൂമിയിലാണ് തർക്കം നിലനിൽക്കുന്നത്. ഒരു കാരണവശാലും ഒഴിയില്ലെന്നാണ് കുടുംബങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയെ നിലവിലെ സംഘർഷ സാഹചര്യം ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമം. 2022 ലാണ് 19 ഏക്കറിയിൽ വരുന്ന രണ്ട് ഏക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമീഷനെ നിയമിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

