'ഷൈനി ജോലിക്കായി സമീപിച്ചത് 12 ആശുപത്രികളെ, സഭ കനിഞ്ഞില്ല, മരിച്ചിട്ട് ഒരു പത്രക്കുറിപ്പുപോലും ഇറക്കിയില്ല'; ക്നാനായ സഭക്കെതിരെ ഇടവകസമൂഹം
text_fieldsഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഇടവകാംഗങ്ങൾ മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളിക്കുമുന്നിൽ സംഘടിച്ചപ്പോൾ,
ഇൻസെറ്റിൽ ഷൈനിയും മക്കളും
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്നാനായ സഭക്കെതിരെ വൻപ്രതിഷേധവുമായി മള്ളൂശ്ശേരി സെന്റ് തോമസ് ഇടവകാംഗങ്ങൾ. ഞായറാഴ്ച രാവിലെ എട്ടരക്ക് കുർബാനക്കുശേഷം ക്നാനായ പള്ളി കവാടത്തിൽ ഇടവകസമൂഹം പ്രതിഷേധം സംഘടിപ്പിച്ചു. സഭ നേതൃത്വം ഇടപെട്ടിരുന്നെങ്കിൽ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
‘ബി.എസ്സി നഴ്സിങ് പൂർത്തിയായ ഷൈനി 12 ആശുപത്രികളെയാണ് ജോലിക്കായി സമീപിച്ചത്. സഭ ഇടപെട്ട് ജോലി നൽകാൻ കഴിയുമായിരുന്നു. കുടുംബപ്രശ്നങ്ങൾ പള്ളി മുഖേന പരിഹരിക്കാൻ കഴിയുമായിരുന്നു. ആരും ഒന്നും ചെയ്തില്ല. സഭ മേലധ്യക്ഷർ ഇതുവരെ ഒരു പത്രക്കുറിപ്പുപോലും ഇറക്കിയില്ല. ഷൈനിക്കും മക്കൾക്കും ഇവിടെ നീതി കിട്ടിയില്ല. ദൈവത്തിന്‍റെ കോടതിയിൽ കുറ്റക്കാർക്ക് ശിക്ഷ ലഭിക്കട്ടെ. മരണത്തിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം’ -ഇടവകാംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനു മുന്നോടിയായി അനുശോചനയോഗവും ചേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി. പള്ളിക്കുമുന്നിൽ ഇവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇടവകസമൂഹം ബാനറും ഉയർത്തിയിരുന്നു. മള്ളൂശ്ശേരി സെന്റ് തോമസ് പള്ളി സംയുക്ത സംഘടനകൾ, സെന്റ് തോമസ് കുടുംബയോഗം, ലിജിയൻ ഓഫ് മേരി, കെ.സി.സി, കെ.സി.ഡബ്ല്യു.എ, വിൻസെന്റ് ഡി പോൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തൊടുപുഴ ചുങ്കം ക്നാനായ പള്ളി ഇടവകാംഗങ്ങളാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും. കഴിഞ്ഞ 28നാണ് ഇവരെ ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിലാണ്. ഭർത്താവിന്‍റെ ഉപദ്രവത്തെതുടർന്ന് ഷൈനിയും മക്കളും ഏറ്റുമാനൂരിലെ വീട്ടിലായിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

