തൃശൂർ: 130 പേര് മരിച്ച പാരിസ് ഭീകരാക്രമണക്കേസിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയിൽ ആയുധ പരിശീലനം ലഭിച്ചുവെന്ന് സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് പൊലീസ് സംഘം വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു.
2015ലാണ് പാരിസ് ആക്രമണം നടന്നത്. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ സംഘം ഇന്ത്യൻ ജയിലിലെത്തി തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമാണ്. കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതടക്കമുള്ള കേസില്‍ അറസ്റ്റിലായ സുബ്ഹാനി വിചാരണ തടവുകാരനാണ്.
ബുധനാഴ്ച്ച വൈകീട്ട് നാലിന് എത്തിയ മൂന്ന്പേർ രണ്ട് മണിക്കൂർ സുബ്ഹാനിയെ ചോദ്യം ചെയ്തു. എൻ.ഐ.എയുടെയും ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെയും ഉദ്യോഗസ്ഥർ സംഘത്തോടൊപ്പമുണ്ടായിരുന്നു. മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്തത്. ഇത് രണ്ട് ദിവസം കൂടി തുടരും. എൻ.ഐ.എയുടെ സഹകരണത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
കേസ് അന്വേഷണത്തിെൻറ ഭാഗമായി മൂന്ന് ദിവസം ഇന്ത്യയിൽ തങ്ങാനുള്ള അനുമതി വിദേശമന്ത്രാലയം വഴി ഫ്രഞ്ച് പൊലീസ് സംഘം നേടിയിരുന്നു. തുടർച്ചയായി രണ്ടു മണിക്കൂർ മാത്രമെ ചോദ്യം ചെയ്യാവൂ എന്ന ഉപാധിയോടെ മൂന്നുദിവസത്തെ അനുമതിയാണ് അവർക്ക് ലഭിച്ചത്. ആറുമണിയോടെ സംഘം മടങ്ങി.