ജിഷ്ണുവിന്‍റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകൾ തെളിയിക്കുന്ന ഫോട്ടോ പുറത്ത്
text_fieldsനാദാപുരം: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയ് മരണപ്പെടുന്നതിന് മുമ്പ് പീഡനത്തിനിരയായതായി ചൂണ്ടിക്കാട്ടുന്ന ഫോട്ടോകള്‍ പുറത്ത്. പൊലീസ് ഇന്‍ക്വസ്റ്റ് സമയത്ത് മൃതദേഹപരിശോധന നടത്തുമ്പോള്‍ എടുത്ത ഫോട്ടോകളിലാണ് മര്‍ദനമേറ്റ പാടുകളുള്ളത്. വലതു കൈയില്‍ തോളിനോട് ചേര്‍ന്ന് മൂന്നിടങ്ങളിലും അരക്കെട്ടിന് മുകളിലുമാണ് മര്‍ദനമേറ്റ് രക്തം കട്ടപിടിച്ചതായി കാണുന്നത്. ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബന്ധുക്കള്‍ നേരത്തേ പുറത്തുവിട്ട വിഡിയോയില്‍ കാണിച്ച മുഖത്ത് മൂക്കിന് മുകളില്‍ ഉണ്ടായ മുറിവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളില്‍ നാലിടത്ത് പരിക്കേറ്റ പാടുകള്‍ ഉണ്ട്. അന്വേഷണ സംഘത്തിന് സഹപാഠികള്‍ നല്‍കിയ മൊഴിയിലും മര്‍ദനമേറ്റതായി പറഞ്ഞിട്ടുണ്ട്. ജിഷ്ണുവിനെ മരണത്തിലേക്ക് നയിച്ചത് ക്രൂരമായ പീഡനമാണെന്ന് ശരിവെക്കുന്നതാണ് മൃതദേഹത്തിലെ പരിക്കുകളില്‍നിന്ന് വ്യക്തമാവുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തിന്‍െറ കണ്ണുകള്‍ പാതിതുറന്ന നിലയില്‍ എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഫോട്ടോയില്‍ കണ്ണുകള്‍ അടഞ്ഞനിലയിലാണ്. അഞ്ച് മിനിറ്റോളമാണ് മൃതദേഹം തൂങ്ങിക്കിടന്നത്. ആറ് മണിക്കൂറെങ്കിലും സമയംവേണം കാലിലേക്കും മറ്റും ഇത്തരത്തില്‍ രക്തം കട്ടപിടിക്കാന്‍. കൈയിലും മറ്റുമുണ്ടായ പാടുകള്‍ വിശദ പരിശോധനക്ക് വിധേയമാക്കാതെ പോയത് ഗുരുതര വീഴ്ചയാണെന്നാണ് വിദഗ്ധ പൊലീസ് സര്‍ജന്മാരുടെ അഭിപ്രായം.
പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച കാണിച്ച് ജിഷ്ണുവിന്‍െറ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ശ്രീകുമാരി അന്വേഷണം നടത്തിവരുകയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
