മകൾക്ക് എന്ത് പേരിടും? അച്ഛനും അമ്മയും തർക്കം, കേസ്; ഒടുവിൽ ഹൈകോടതി പേരിട്ടു
text_fieldsകൊച്ചി: പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് കുട്ടിക്ക് പേരിട്ട് ഹൈകോടതി. പ്രശ്ന പരിഹാരത്തിന് കാത്ത് നിൽക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താൽപര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി. പേര് കുട്ടിയുടെ തിരിച്ചറിയൽ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നൻമക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കേസ് പരിഗണിച്ചത്.
2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കൾ തർക്കത്തിലാവുകയായിരുന്നു. തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ, സ്കൂളിൽ ചേർക്കേണ്ട സമയത്ത് പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർ സ്വീകരിക്കാൻ തയാറായില്ല. ഇതേ തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ ഒരു പേര് നിർദേശിച്ച് മാതാവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ സമീപിച്ചെങ്കിലും പിതാവിന്‍റെ അനുമതിയും രജിസ്ട്രാർ ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു പേരിടണമെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെടാത്ത അവസ്ഥയിലായി.
താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിച്ചു. ജനന സർട്ടിഫിക്കറ്റിനായി മാതാപിതാക്കൾ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാൻ കുടുംബ കോടതി ഉത്തരവിട്ടെങ്കിലും ഇതിന് ഇരുവരും കൂട്ടാക്കിയില്ല. തുടർന്നാണ് ഹരജി ഹൈകോടതിയുടെ പരിഗണനക്കെത്തിയത്.
ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിൽ രക്ഷിതാവ് എന്നാൽ, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് ‘രക്ഷിതാക്കൾ’ എന്ന രീതിയിൽ പരാമർശിക്കപ്പെടുന്നതെന്നും കോടതി വിലയിരുത്തി. അതിനാൽ, മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനാവും. ഒരാൾ രജിസ്റ്ററിംഗ് അധികൃതരെ സമീപിച്ച് പേരിട്ടാൽ അത് തിരുത്തണമെങ്കിൽ അടുത്ത രക്ഷിതാവിന് നിയമ നടപടികളുടെ സഹായം തേടാം. തുടർന്ന് കുട്ടി ഇപ്പോൾ മാതാവിനൊപ്പം കഴിയുന്നതിനാൽ അവർക്ക് ഇഷ്ടപ്പെട്ട പേരിന് മുൻഗണന നൽകാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പേരിൽ പിതാവിന് തർക്കമുള്ളതിനാൽ മാതാവ് നിർദേശിക്കുന്ന പേരിനൊപ്പം പിതാവിന്‍റെ പേര് കൂടി ചേർക്കുകയും ചെയ്യാം. ഈ നിർദേശം ഇരുവരും അംഗീകരിച്ചു. തുടർന്ന് ഹരജിക്കാരിയായ മാതാവിന് ഈ പേരുമായി രജിസ്ട്രാറെ സമീപിക്കാമെന്നും പിതാവിന്‍റെ അനുമതിക്ക് നിർബന്ധിക്കാതെ ഈ പേര് രജിസ്ട്രാർ രജിസ്റ്റർ ചെയ്ത് നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

