രണ്ടരവയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി
text_fieldsഅജീഷും സുലുവും ആദിയും
ഇരവിപുരം (കൊല്ലം): രണ്ടര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മയ്യനാട് കാരിക്കുഴി സുചിത്രമുക്കിനടുത്ത് വലിയവിള നഗറിൽ ചെന്തച്ചൻ അഴികം ഭാസ്കര വിലാസം വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന അജീഷ് (38), ഭാര്യ സുലു (36), ഏക മകൻ ആദി എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷും ഭാര്യ സുലുവും തൂങ്ങിമരിച്ച നിലയിലും മകൻ ആദിയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്. ഗുരുതര രോഗബാധയും കടബാധ്യതയുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി.
നേരം പുലർന്നിട്ടും ഇവർ മുറി തുറന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അനീഷിന്റെ മാതാപിതാക്കളായ അനിൽകുമാറും ലൈലയും ചേർന്ന് സുലുവിന്റെ മാതാപിതാക്കളായ സുരേഷിനെയും ബിന്ദുവിനെയും വിളിച്ചുവരുത്തിയ ശേഷം കതക് ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൾഫിലായിരുന്ന അജീഷ് നാട്ടിലെത്തിയ ശേഷം ഒരു അഡ്വക്കറ്റിന്റെ ക്ലർക്കായി ജോലി നോക്കി വരികയായിരുന്നു.
ഫിസ്റ്റുല ശസ്ത്രക്രിയക്ക് വിധേയനായ അജീഷിന് അടുത്തിടെ ആർ.സി.സിയിൽ നടത്തിയ പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ മനോവിഷമവും അതോടൊപ്പം കടബാധ്യതയുമാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
സംഭവമറിഞ്ഞ് കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണൻ, അസി കമീഷണർ എസ്. ഷെരീഫ്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ പ്രദീപ് കുമാർ, ഇരവിപുരം സി.ഐ രാജീവ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

