കാലിക്കറ്റ് പരീക്ഷഭവന് വീണ്ടും വീഴ്ച; ഉത്തരക്കടലാസ് മാറി, മാർക്ക് നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് നീതി ലഭിച്ചില്ല
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പരീക്ഷഭവന് വീണ്ടും വീഴ്ച. ചുങ്കത്തറ മാർത്തോമ കോളജിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർഥിനി കെ.പി. വർഷയുടെ പരീക്ഷഫലം വന്നപ്പോൾ വെറും അഞ്ചു മാർക്ക് മാത്രമാണ് ലഭിച്ചത്. മികച്ച രീതിയിൽ പരീക്ഷ എഴുതിയിട്ടും നാമമാത്രമായ മാർക്ക് ലഭിച്ചതിൽ സംശയം തോന്നിയ വിദ്യാർഥിനി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചെങ്കിലും മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് അപേക്ഷ നൽകി ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വർഷക്ക് ലഭിച്ച ഫോട്ടോകോപ്പിയിൽ തന്റെ ഉത്തരക്കടലാസിന് പകരം മറ്റൊരു വിദ്യാർഥിയുടെ പേജുകളാണ് ഉണ്ടായിരുന്നത്. ബാർകോഡ് റീഡിങ്ങിൽ വന്ന പിഴവാണ് ഗുരുതര വീഴ്ചക്കിടയാക്കിയത്.
യഥാർഥ മാർക്ക് ലഭിക്കുന്നതിനായി പല തവണ പരീക്ഷഭവൻ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല. ബാർകോഡ് റീഡിങ്ങിലെ അപാകതകൾ കാരണം വിദ്യാർഥികൾക്ക് അർഹമായ മാർക്ക് നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ സംഘടന അംഗങ്ങളായ ജീവനക്കാരും അധ്യാപകരും പറഞ്ഞു.
സാങ്കേതിക പിഴവുകൾ പരിഹരിക്കാനോ വിദ്യാർഥികളുടെ പരാതികളിൽ കൃത്യമായ അന്വേഷണം നടത്താനോ തയാറാകാത്ത അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വർഷത്തെ അധ്വാനം പാഴായ സങ്കടത്തിൽ നീതിക്കായി കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി. ഒരു വിദ്യാർഥിയുടെ ബാർകോഡ് മാറിയതായി വ്യക്തമായതോടെ, ഈ ബാച്ചിൽ പരീക്ഷയെഴുതിയ 24 വിദ്യാർഥികളുടെയും ഉത്തരക്കടലാസുകൾ പരസ്പരം മാറാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

