പർദ ധരിച്ച് കാമുകനെ തേടിയെത്തിയെ യുവതിയെ ‘മാവോവാദി’യാക്കി
text_fieldsബദിയടുക്ക (കാസർകോട്): കാമുകനെ അന്വേഷിച്ച് ബദിയടുക്ക മൂക്കംപാറയിൽ എത്തിയ യുവതി പൊലീസിനെ വട്ടംകറക്കി. സംശയാസ്പദ സാഹചര്യത്തിൽ അജ്ഞാതയുവതി കറങ്ങുന്നകാര്യം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് അവരെ ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ കാമുകനെ തേടി ബംഗളൂരുവിൽനിന്ന് എത്തിയതാണെന്ന് യുവതി പറഞ്ഞു. മാവോവാദിയെന്ന സംശയത്തെ തുടർന്ന് ഇൻറലിജൻസ് ഉദ്യോഗസ്ഥരടക്കം ബദിയടുക്കയിൽ എത്തി.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പർദ ധരിച്ച് നടന്നുപോകുന്ന യുവതിയെ സംശയത്തെ തുടർന്നാണ് നാട്ടുകാർ ചോദ്യം ചെയ്തത്. കന്നടയിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. ഒരു കല്യാണത്തിന് വന്നതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. മഞ്ജുളയെന്നാണ് പേര് പറഞ്ഞത്. കർണാടകയിലെ കുപ്രസിദ്ധ നക്സലൈറ്റ് നേതാവ് മഞ്ജുളയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ഇവരെ പിന്തുടർന്നു.
പൊലീസ് എത്തുന്നതിനുമുമ്പ് ബദിയടുക്ക ബസ്സ്റ്റാൻഡിൽനിന്ന് കർണാടക പുത്തൂർ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയിൽ യുവതി യാത്രയായി. തുടർന്ന് പൊലീസ് യുവതിയെ പിന്തുടർന്ന് പെർളയിൽനിന്ന് ബസിൽനിന്ന് ഇറക്കി കസ്റ്റഡിയിലെടുത്തു. ബംഗളൂരു സ്വദേശിയാണെന്നും ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണെന്നും പൊലീസിനോട് പറഞ്ഞു.
ബദിയടുക്കയിലെ യുവാവുമായി പ്രണയത്തിലാണെന്നും പറഞ്ഞു. യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ആൾ ഇപ്പോൾ വിദേശത്താെണന്ന് മനസ്സിലായി. അതോടെ ബംഗളൂരുവിലെ ബന്ധുക്കളെ വിവരം അറിയിച്ച് പൊലീസ് യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി.
