'നാലെണ്ണത്തെ ഞാൻ തീർത്തിട്ടുണ്ട്'; കൊലവിളി മുഴക്കി ഋതു കടന്നു കളഞ്ഞത് ജിതിന്റെ സ്കൂട്ടറിൽ
text_fieldsപറവൂർ: പറവൂർ ചേന്ദമംഗലത്ത് അയൽവാസി മൂന്നുപേരെ വീട്ടിൽ കയറി അടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കിഴക്കുമ്പുറത്ത് പെരയപ്പാടം കാട്ടുപറമ്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ അയൽവാസി ഋതു ജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലക്ക് ശേഷം 'നാലെണ്ണത്തെ ഞാൻ തീർത്തിട്ടുണ്ട്' എന്ന് സമീപവാസികളോട് വിളിച്ചുപറഞ്ഞ് ജിതിന്റെ സ്കൂട്ടറുമെടുത്താണ് അക്രമി സ്ഥലംവിടുന്നത്. എന്നാൽ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതി പ്രദേശത്ത് സ്ഥിരം ശല്യക്കാരനും ലഹരിക്കടിമയുമാണ്. 2022 മുതൽ പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് പ്രതി. ഇയാളുടെ നിരന്തര ശല്യത്തിനെതിരെ വേണുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ശല്യം രൂക്ഷമായതോടെ വീട്ടിൽ സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്.
കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ആക്രമണം നടത്താൻ ഉപയോഗിച്ച രണ്ട് പൈപ്പുകൾ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ബന്ധുവീടുകളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

