പറത്തോട് ആദിവാസി കോളനിയിലെ തീപിടിത്തം: കിടപ്പാടമില്ലാതായത് ആറ് കുടുംബങ്ങൾക്ക്
text_fieldsപറത്തോട് ആദിവാസി കോളനിയിലുണ്ടായ അഗ്നിബാധയിൽ പാഠപുസ്തകങ്ങൾ നശിച്ച
ഓലക്കുടിലിലെ വിദ്യാർഥികൾ
കൊല്ലങ്കോട്: പാഠപുസ്തകം തീ വിഴുങ്ങിയതോടെ സ്കൂളിലേക്ക് എങ്ങനെ പോകുമെന്ന സങ്കടത്തിലാണ് കോളിനിയിലെ മൂന്ന് വിദ്യാർഥികൾ. ബാഗും നോട്ടും ഉൾപ്പെടെ കത്തിച്ചാരമായി. കാശുമണിയുടെ മക്കളായ രമ്യ, രഞ്ജിത്, തത്തയുടെ മകൻ അജിത് എന്നിവരുടെ പുതിയ പാഠപുസ്തകങ്ങളും ബാഗും പഠനോപകരങ്ങളും പൂർണമായി കത്തിനശിച്ചു. പയ്യല്ലൂർ ടി.കെ.ടി.യു.പി സ്കൂൾ, പനങ്ങാട്ടിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഇവർ.
വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പറത്തോട് ആദിവാസി കോളനിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുടിലുകളാണ് കത്തിയമർന്നത്. ഓലക്കുടിലിൽ കഴിയുന്ന കുടുംബങ്ങൾ നിത്യച്ചെലവ് ചുരുക്കി പൈസ സ്വരൂപിച്ചാണ് ഒമ്പതാം തരം, ഏഴാം തരം, നാലാം തരം എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ബാഗും നോട്ടുബുക്കുകളും ഉൾപ്പെടെയുള്ള സ്കൂൾ സാമഗ്രികൾ വാങ്ങിയത്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കേയുണ്ടായ അഗ്നിബാധ കൂലിത്തൊഴിലാളികളായ ആദിവാസി കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. പാചകത്തിനിടെ അടുപ്പിൽനിന്ന് തീപടർന്നാണ് അപകടം. കുടിലുകളിൽനിന്ന് ആളുകൾ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഭക്ഷണം പാകം ചെയ്യുന്നതിനിടെ കാശുമണി, തത്ത എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിലാണ് ആദ്യം തീപടർന്നത്.
പൂർണമായി കത്തിനശിച്ച ശെൽവന്റെ ഓലക്കുടിൽ
ശക്തമായ കാറ്റിനെ തുടർന്ന് സമീപത്തെ ശെൽവന്റെ കുടിലിലേക്കും തുടർന്ന് കുപ്പായിയുടെ ഓലക്കുടിലിലേക്കും തീ പടർന്നു. അഗ്നിശമന സേനയെത്തി ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീയണച്ചത്.ഇതിനകം കാശുമണിയുടെയും ശെൽവന്റെയും കുടിൽ പൂർണമായി കത്തിയിരുന്നു. കോളനിവാസികളുടെ സമയോചിത ഇടപെടലിൽ തീ കൂടുതൽ വീടുകളിലേക്ക് പടരുന്നത് തടയാനായി.
വിവിധ തിരിച്ചറിയൽ രേഖകൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചതായി കോളനിവാസികൾ പറഞ്ഞു.ഇതോടെ ആറ് കുടുംബങ്ങളിലെ 22ലധികം അംഗങ്ങൾക്ക് കിടപ്പാടമില്ലാതായിരിക്കുകയാണ്. കെ. ബാബു എം.എൽ.എ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ എന്നിവർ കോളനി സന്ദർശിച്ചു.
തീപടരുന്ന കുടിലിൽനിന്ന് രണ്ടു വയസ്സുകാരനെ രക്ഷിച്ച് രമ്യ
കൊല്ലങ്കോട്: തീപടർന്ന ഓലക്കുടിലിൽനിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് വിദ്യാർഥിനി. പറത്തോട് കോളനിയിൽ തീപടർന്ന കുടിൽനിന്ന് സഹോദരൻ മനുവിന്റെ മകൻ രണ്ടു വയസ്സുകാൻ മനീഷിനെയാണ് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസിലെ വിദ്യാർഥിനി രമ്യ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് തത്ത, കാശുമണി എന്നിവരുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന കുടിലിന് ആദ്യം തീ പടർന്നത്. അടുക്കള ഭാഗത്തുനിന്ന് പടർന്ന തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീടിനകത്ത് കുഞ്ഞിന്റെ ശബ്ദം കേട്ടത്. ഉടൻ തന്നെ കത്തുന്ന കുടിലിനകത്ത് കയറിയ രമ്യ കുഞ്ഞിനെയെടുത്ത് പുറത്തേക്ക് ഓടി. പിന്നാലെ കുടിലിന്റെ മേൽക്കൂര കത്തി താഴേക്ക് പതിച്ചു. രമ്യയുടെ അവസരോചിത ഇടപെടലാണ് മനീഷിന്റെ ജീവൻ രക്ഷിച്ചത്.