പറക്കുന്ന് കോളനിക്കാർ പറയുന്നു, ഞങ്ങളും മനുഷ്യരാണ് !!
text_fieldsപറക്കുന്നിലെ ഉപയോഗശൂന്യമായ കുടിവെള്ള പദ്ധതിയിലെ ജലസംഭരണി
കിളിമാനൂർ: 'ജനിച്ചതും വളർന്നതും ഈ കോളനി പ്രദേശത്താണെന്നുമാത്രം. പക്ഷേ, ഞങ്ങളും മനുഷ്യരാണ്. എന്തെങ്കിലും അവശത വന്നാൽ തലയ്ക്ക് ചുമക്കണം. ഒരിറ്റ് കുടിവെള്ളത്തിന് ഏറെദൂരം താണ്ടണം. ഇനിയെന്നാണ് ഇതിനൊരു പരിഹാരം?' ചോദിക്കുന്നത് നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽപെട്ട പറക്കുന്ന് കോളനി നിവാസികൾ.
കിടപ്പുരോഗിയായ ചെല്ലമ്മയെയും അംഗപരിമിതയായ കൊച്ചുമകൾ മഞ്ജുവിനെയും ആശുപത്രിയിലെത്തിക്കാൻ ബെഡ്ഷീറ്റിൽ കിടത്തി എടുത്തുകൊണ്ടാണ് പാറക്കുന്നിലെ വീടുകളിൽനിന്ന് വണ്ടി പോകുന്ന റോഡിലെത്തിക്കുന്നത്.
കഷ്ടിച്ച് നടക്കാൻമാത്രം കഴിയുന്ന വഴിയിലൂടെ വരുമ്പോൾ പലപ്പോഴും രോഗിയെയും കൊണ്ട് വീണുപോയിട്ടുണ്ട്. സങ്കടത്തോടെയാണ് ബന്ധുവായ സ്ത്രീ ഈ അനുഭവം വിവരിക്കുന്നത്. ഇരുപതിലേറെ പട്ടികജാതി കുടുംബങ്ങൾ കഴിയുന്ന പാറക്കുന്നിൽ പ്രദേശത്തിെൻറ സങ്കടാവസ്ഥയുടെ ചുരുക്കമാണിത്. ഇവർ മാത്രമല്ല, രോഗദുരിതത്തിൽ കഴിയുന്ന ചന്ദ്രികയും (50) അംഗപരിമി തയായ ശാന്തയും (49) ഇവിടത്തെ വീടുകളിൽ കഴിയുന്നവരാണ്.
വഴി ദുരിതത്തെക്കാൾ ഇവരിപ്പോൾ പേറുന്ന ദുരിതം കുടിവെള്ള പ്രശ്നമാണ്. വർഷങ്ങൾക്ക് മുമ്പ് നഗരൂർ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ രണ്ട് ടാങ്ക് മാത്രം ഇവിടെ കാണാം. ആറ് മാസത്തിലേറെയായി ടാങ്കിൽ വെള്ളമെത്തുന്നില്ല. താൽക്കാലിക പരിഹാരമായി പ്രദേശത്തുണ്ടായിരുന്ന കുഴൽ കിണറിെൻറ മോട്ടോർ ആരോ മോഷ്ടിച്ചു. പമ്പ് ഹൗസ് നശിപ്പിച്ചതും കുടിവെള്ളപ്രശ്നം കൂടുതൽ ദുരിതപൂർണമാക്കി.
വെള്ളം ശേഖരിക്കുന്നത് പാറയടിവാരത്തെ ചെറുകുളത്തിൽനിന്നാണ്. അവിടെനിന്ന് തലച്ചുമടായി പാറ കയറിയാണ് വെള്ളം വീടുകളിലെത്തിക്കുന്നത്. പ്രദേശവാസികളിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരാണ്. ജോലിക്ക് പോകുന്നതിന് മുമ്പും പണി കഴിഞ്ഞെത്തിയിട്ടും വെള്ളം ശേഖരിക്കണം. വേനലായാൽ വെള്ളമെടുക്കുന്ന കുളം വറ്റും. പിന്നെ വെള്ളമെടുക്കാൻ പോകുന്ന ദൂരം കൂടുതലാകും. നിലവിലെ കുടിവെള്ള പദ്ധതിയുടെ സ്രോതസ്സുകളിൽനിന്ന് മതിയായ ജലം ലഭിക്കാത്തതാണ് ഇടയ്ക്കിടെ വെള്ളം മുടങ്ങാൻ കാരണമത്രെ. പ്രധാന പാതകളിലടക്കം പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴാകുമ്പോൾ, ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് സ്ഥലവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

