തിരുവനന്തപുരം: പന്തീരങ്കാവ് കേസിൽ യു.എ.പി.എ ചുമത്തിയത് തെറ്റായിരുന്നുെവന്നും ഈ കേസിൽ സുപ്രീംകോടതി വിധി മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ നിരീക്ഷണം ഇടതുപക്ഷത്തിന് മാത്രം ബാധകമായതല്ല. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്. ഇടതുസർക്കാർ യു.എ.പി.എ എടുക്കാൻ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. കേരളത്തിൽ കേസ് വരുമ്പോൾ അത് ഇടതുപക്ഷത്തിന്‍റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട് -കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തേണ്ട ആവശ്യമില്ലെന്ന് ഈ കേസിന്‍റെ തുടക്കം മുതൽ തന്നെ കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. യു.എ.പി.എ കരിനിയമമാണെന്നും ഇടതു പാര്‍ട്ടികള്‍ എല്ലാക്കാലത്തും യു.എ.പി.എയ്‌ക്കെതിരാണെന്നുമായിരുന്നു സി.പി.ഐയുടെ നിലപാട്. 'കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകള്‍ കൊണ്ടല്ല. എന്‍.ഐ.എ അന്വേഷിക്കുന്ന കേസ് നിയമപരമായി സംസ്ഥാന സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കാനോ തെളിവില്ലെങ്കില്‍ തള്ളാനോ സാധിക്കും. കേരളത്തിലെ മാവോയിസ്റ്റുകളെ പൊലീസ് കെട്ടിച്ചമക്കുന്നതാണ്. മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്ര ഫണ്ടാണ് പൊലീസിന്‍റെ ലക്ഷ്യം. യു.എ.പി.എ നിയമത്തിന്‍റെ കാര്യത്തില്‍ എന്‍.ഐ.എയ്ക്കും കേരള പൊലീസിനും ഒരേ നിലപാടാണ്' -കാനം അന്ന് വ്യക്തമാക്കി.