കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സഹോദരൻ ഇജാസ്. സത്യം ജയിക്കുമെന്ന് ഇജാസ് മാധ്യമങ്ങളോട് പറഞ്ഞു.
താഹക്ക് സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. സത്യം പുറത്തു വരുമെന്നത് അത്യന്തികമായി പ്രകൃതി നിയമമാണെന്നും ഇജാസ് മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസലിന് സുപ്രീംകോടതി ഇന്നാണ് ജാമ്യം നൽകിയത്. കൂടാതെ, കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈകോടതി ജാമ്യം നൽകിയത് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയായിരുന്നു ഹരജി നൽകിയത്. 2019 നവംബർ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.