നവവധു പീഡനം: രാഹുലിന്റെ മാതാവും സഹോദരിയും അറസ്റ്റിൽ
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് നവവധു പീഡനക്കേസിലെ ഒന്നാം പ്രതി രാഹുലിന്റെ മാതാവ്, സഹോദരി എന്നിവരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. പന്നിയൂർകുളം സ്നേഹതീരത്തിൽ ഉഷകുമാരി (53), തിരുവങ്ങൂർ മക്കടയിൽ കാർത്തിക (32) എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം അറസ്റ്റുചെയ്തത്. കേസിൽ രണ്ടും മൂന്നും പ്രതികളാണിവർ.
സ്റ്റേഷനിൽ ഹാജരായ ഇരുവരെയും ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. ഇരുവർക്കും നേരത്തേ ജില്ല കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വിട്ടയച്ചത്. കേസിൽ ഗാർഹിക പീഡനക്കുറ്റമാണ് രാഹുലിനൊപ്പം ഇരുവർക്കുമെതിരെയും ചുമത്തിയത്. നേരത്തേ ഉഷയെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിച്ചതിനാൽ ഹാജരായിരുന്നില്ല. രാഹുൽ ജർമനിയിലാണുള്ളത്. ഇയാൾക്കായി സി.ബി.ഐ മുഖാന്തരം ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് തുടർ അറിയിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം, കേസിലെ അഞ്ചാംപ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലുശ്ശേരി സ്വദേശി ശരത് ലാലും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ച് മാറിനിൽക്കുകയാണ്. ഇദ്ദേഹത്തിന്റെ ഹരജിയിൽ ജില്ല കോടതി തിങ്കളാഴ്ച വാദംകേൾക്കും.

