പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; എസ്.എച്ച്.ഒക്ക് സസ്പെൻഷൻ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsസി.ഐ എ.എസ്. സരിൻ, പ്രതി രാഹുൽ പി. ഗോപാൽ
കോഴിക്കോട്: ഭർതൃവീട്ടിൽ നവവധു ക്രൂരപീഡനത്തിനിരയായ കേസിൽ സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും ഗുരുതര വകുപ്പുകൾ ചുമത്താതെ കേസെടുത്തതിന് പന്തീരാങ്കാവ് എസ്.എച്ച്.ഒ എ.എസ്. സരിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐ.ജി കെ. സേതുരാമനാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ശരീരമാകെ മർദനമേറ്റ പാടുകളുമായി യുവതിഎത്തിയിട്ടും പൊലീസ് നിസാരവത്കരിച്ചത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെ, ഭർത്താവും പ്രതിയുമായി പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുലിനായി (29) പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. വിദേശത്തേക്ക് പോകാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കിയെങ്കിലും ജർമൻ പൗരത്വമുള്ള ഇയാൾ രാജ്യം വിട്ടതായും സംശയമുണ്ട്.
കോഴിക്കോടുനിന്ന് ബസ് മാർഗം ബംഗളൂരുവിലെത്തി അവിടെ നിന്ന് വിമാനമാർഗം കടന്നതായാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ രാഹുലിനെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 324, 498 എ, 307 (മാരകായുധംകൊണ്ട് പരിക്കേൽപിക്കൽ, ഭർതൃവീട്ടിലെ പീഡനം, വധശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ വിശദ മൊഴിയടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ ഇയാളുടെ ബന്ധുക്കൾ അടക്കമുള്ളവരെ പ്രതിചേർക്കുമെന്നും കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പറവൂരിലെത്തി യുവതിയുടെയും ബന്ധുക്കളുടെയും വിശദമൊഴി രേഖപ്പെടുത്തി. രാഹുൽ നേരത്തെ കോട്ടയം സ്വദേശിയെ രജിസ്റ്റർ വിവാഹം ചെയ്ത വിവരം ലഭിച്ചതോടെ ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

