നവാഗതർക്ക് മുന്നിൽ ചിരി വരുത്തി പാങ്ങിലെ പുതിയ മുഖങ്ങൾ
text_fieldsപുതുപ്രതീക്ഷകൾ...പാങ്ങ് ജി.എൽ.പി സ്കൂളിലെ പുതിയ അധ്യാപിക കെ.കെ. രാഖി പ്രവേശനോത്സവത്തിനിടെ വിദ്യാർഥികൾക്കൊപ്പം -മുസ്തഫ അബൂബക്കർ
കൊളത്തൂർ: വാൽപാറ വാഹനാപകടത്തിന്റെ നോവോർമകളെ അതിജീവിച്ച് പാങ്ങ് ജി.എൽ.പി സ്കൂളിൽ പ്രവേശനോത്സവം. കണ്ണീരുവീണ സ്കൂൾ മുറ്റത്ത് കുട്ടികൾ വന്നിറങ്ങിയ ബസിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നത് മരിച്ച ഡ്രൈവർ നൗഷാദിന് പകരം പുതുതായി ചുമതലയേറ്റ ഉണ്ണി. പാചകത്തിന് മരിച്ച സാജിതയുടെ സഹോദരി മാളു. അധ്യാപകർ ആറുപേരും പുതിയവർ.
പ്രിയ അധ്യാപകരുടെയും ജീവനക്കാരുടെയും ജീവൻ നഷ്ടമാക്കിയ ദുരന്തത്തിന്റെ നടുക്കത്തിൽ കണ്ണീർ വീണ് കുതിർന്ന മുറ്റത്തായിരുന്നു പ്രവേശനോത്സവമെങ്കിലും വിദ്യാർഥികൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകി സ്കൂൾ അധികൃതർ അധ്യയനവർഷത്തെ വരവേൽക്കുകയായിരുന്നു. പി.ടി.എയും നാട്ടുകാരും ജനപ്രതിനിധികളും അധ്യാപകരും പ്രവേശനോത്സവത്തിന്റെ ഭാഗമായി.
പുത്തനുടുപ്പുകളിട്ട കുഞ്ഞുങ്ങളെ വർണത്തൊപ്പികൾ നൽകി സ്വീകരിച്ചു. വാൽപാറയിലേ ക്ക് വിനോദയാത്ര പോകാത്തതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ട ഏക അധ്യാപിക ഹസ്നത്ത് ഹജ്ജിന് പോയതിനാൽ പകരമെത്തിയ താൽക്കാലിക അധ്യാപികയടക്കമായിരുന്നു ആറുപേർ. ദുരന്തത്തിന്റെ ഓർമകൾ കുട്ടികളിൽ തികട്ടി വരാതിരിക്കാൻ ശ്രദ്ധിച്ച് അപരിചിതത്വത്തിന്റെ അല്ലലുകളില്ലാതെ അവർ ഓടിനടന്നു.
കുട്ടികൾക്ക് കൈ നിറയെ സമ്മാനം നൽകാൻ വ്യാപാരികളും നാട്ടുകാരും സന്നദ്ധ സംഘടനകളും മത്സരിക്കുകയായിരുന്നു. ലഡുവും പായസവും വിതരണം ചെയ്തു. സന്തോഷത്തിന്റെ ശീലുകളുമായി, ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ അതുൽ നറുകരയുമെത്തി.
പ്രവേശനോത്സവം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജുവൈരിയ ടീച്ചർ അധ്യക്ഷത വഹിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുസ്സലാം പാലത്തിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

