മലപ്പുറം: പാണ്ടിക്കാട് പീഡനക്കേസിലെ ഇരക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമം. ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ മജിസ്ട്രേറ്റിനും കുട്ടിയുടെ സംരക്ഷണത്തിന് ശിശുക്ഷേമ സമിതി നിയോഗിച്ച സപ്പോർട്ടിങ് പേഴ്സനു മുന്നിലും ഇര മൊഴി നൽകിയിരുന്നു. തുടർന്നാണ് കുട്ടിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നത്.
ഇര ഇടക്കിടെ മൊഴി മാറ്റിപ്പറയുന്നുണ്ടെന്നും മാനസിക പ്രശ്നമുെണ്ടന്നും വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് കേസ് അട്ടിമറിക്കപ്പെടാനും കേസിൽനിന്ന് നിരവധി പ്രതികൾ രക്ഷപ്പെടാനും സാഹചര്യമൊരുക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു.
കൗൺസലിങ് നൽകാമെന്ന വ്യാജേന മുൻ ശിശുക്ഷേമ സമിതി ചെയർമാൻ ലോക്ഡൗണിന് ശേഷം ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇര മൊഴി നൽകിയത്. സ്ഥലവും സമയവും ഉൾപ്പെടെ കുട്ടി കൃത്യമായി പറഞ്ഞിരുന്നു. സംരക്ഷണം നൽകാമെന്ന് അപേക്ഷ നൽകിയതിെൻറ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി കുട്ടിയെ സഹോദരനൊപ്പം പറഞ്ഞയച്ചിരുന്നു. ഇൗ സമയത്താണ് പീഡനത്തിനിരയായതെന്ന് കരുതുന്നു. ഇയാൾ മുൻകൂർ ജാമ്യം എടുത്തതിനാൽ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം.